പാലക്കാട് : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ നൽകിയെങ്കിലും അതിർത്തി കടക്കുന്നതിന് ഇപ്പോഴും കർശന പരിശോധന നിലനിൽക്കുകയാണ്. സംസ്‌ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ അതിർത്തി കടന്ന് എത്താൻ അനുമതി നൽകുകയുള്ളൂ. കേരളത്തിനൊപ്പം തന്നെ തമിഴ്‌നാട്ടിലും അതിർത്തികളിൽ കർശന പരിശോധന നിലനിൽക്കുകയാണ്. നിലവിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഈ മാസം 21ആം തീയതി വരെ തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ട്.
കേരളത്തിലേക്ക് അതിർത്തി കടന്നെത്താൻ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്ട്രേഷനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണെന്ന് അധികൃതർ വ്യക്‌തമാക്കി. ഇന്നലെ മുതൽ കേരളത്തിൽ ഇളവുകൾ നൽകിയ സാഹചര്യത്തിൽ സംസ്‌ഥാനത്തേക്ക് മടങ്ങി എത്തിയ മലയാളികളുടെ എണ്ണത്തിലും വർധന ഉണ്ടായിട്ടുണ്ട്.
വാളയാർ അതിർത്തിയിലെ പരിശോധനക്ക് ഒപ്പം ജില്ലയിലെ മറ്റ് സംസ്‌ഥാന അതിർത്തികളിലും ശക്‌തമായ പരിശോധന നടക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരം 6 മണി വരെയുള്ള കണക്കുകൾ പ്രകാരം 322 യാത്രാ വാഹനങ്ങളാണ് അതിർത്തി കടന്നത്. കേരളത്തിലും മറ്റ് സംസ്‌ഥാനങ്ങളിലും ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെ തുടർന്ന് കുടുങ്ങിയ ആളുകളാണ് മടങ്ങി എത്തിയവരിൽ ഏറെപ്പേരും.
Read also : ഇറാനിൽ ഇന്ന് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; വിജയം ഉറപ്പിച്ച് ഇബ്രാഹിം റഈസി