ടെഹ്‌റാൻ: കടുത്ത സാമ്പത്തിക പ്രതിസന്ധിയുടേയും കോവിഡ് മഹാമാരിയുടെയും നടുവിൽ ഇന്ന് ഇറാനിൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പ്. ഏഴ് സ്‌ഥാനാർഥികളിൽ മൂന്നു പേർ കഴിഞ്ഞ ദിവസം പിൻമാറിയിരുന്നു. അവശേഷിക്കുന്ന നാല് സ്‌ഥാനാർഥികളിൽ ഇബ്രാഹിം റഈസിക്കാണ് കൂടുതൽ വിജയ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗാർഡിയൻ കൗൺസിൽ ഏഴ് സ്‌ഥാനാർഥികൾക്കായിരുന്നു മൽസരിക്കാൻ അനുമതി നൽകിയിരുന്നത്. ഇതിൽ സഈദ് ജലീലി, അലിറസ സകാനി, മുഹ്‌സിൻ മെഹർ അലിസാദെ എന്നിവർ പിൻമാറി. പരിഷ്‌കരണ വാദികളോ പ്രായോഗിക വാദികളോ മൽസരരംഗത്തില്ല എന്നതും ശ്രദ്ധേയമാണ്. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ നേതൃത്വത്തിലുള്ള 12 അംഗ ഗാര്‍ഡിയന്‍ കൗണ്‍സില്‍ മുന്‍ പ്രസിഡണ്ട് അഹ്‌മദി നജാദ് ഉള്‍പ്പടെ 500ലധികം സ്‌ഥാനാർഥികളുടെ പത്രിക തള്ളിയിരുന്നു.
നിലവിലെ ചീഫ് ജസ്‌റ്റിസ് ഇബ്രാഹിം റഈസിക്ക് വിജയത്തിലേക്കുള്ള വഴി എളുപ്പമാക്കാൻ വേണ്ടിയാണ് ഗാർഡിയൻ കൗൺസിൽ പ്രമുഖരുടെ പത്രിക തള്ളിയതെന്ന് അഭിപ്രായമുണ്ട്. തീവ്രനിലപാടുകാരനായി അറിയപ്പെടുന്ന ഇബ്രാഹിം റഈസി തന്നെ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് അഭിപ്രായ സർവേകളെല്ലാം പ്രവചിക്കുന്നത്.
മിതവാദികളുടെ പ്രതിനിധിയായ ടെക്‌നോക്രാറ്റും സെൻട്രൽ ബാങ്ക് ഓഫ് ഇറാന്റെ മുൻ ഗവർണറുമായ അബ്‌ദുൽ നാസർ ഹെമ്മതിയാണ് റഈസിയുടെ മുഖ്യ എതിരാളി.
നാളെ ഉച്ചക്ക് രണ്ട് മണി വരെ വോട്ടിങ് നടക്കും. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സമയം നീട്ടിയത്.
Also Read: അംബാനിക്ക് ബോംബ് ഭീഷണി; മുംബൈ പോലീസ് ‘എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്‌റ്റ്’ അറസ്‌റ്റിൽ