ബെയ്‌ജിങ്: ചന്ദ്രോപരിതലത്തിൽ നിന്ന് ശേഖരിച്ച പാറക്കഷണങ്ങളുമായി ചൈനയുടെ ചാന്ദ്രപര്യവേക്ഷണ പേടകം ചാങ് ഇ5 തിരികെയെത്തി. 1970ന് ശേഷം ഭൂമിയിൽ നിന്ന് ഒരു പര്യവേക്ഷണ പേടകം ചന്ദ്രനിൽ ഇറങ്ങി ശിലകൾ ശേഖരിക്കുന്നത്. ചാങ് ഇ5 പേടകം ചന്ദ്രോപരിതലത്തിൽ ചൈനീസ് പതാകയും സ്‌ഥാപിച്ചു. ഇതോടെ അമേരിക്കയെ കൂടാതെ ചന്ദ്രനിൽ കൊടി നാട്ടിയ രാജ്യമായി ചൈന മാറി.
ചന്ദ്രന്റെ ഉൽഭവം കണ്ടെത്താനുള്ള പഠനത്തിന്റെ ഭാഗമായി നവംബർ 24നാണ് ചൈന പേടകം വിക്ഷേപിച്ചത്. ഓഷ്യൻ ഓഫ് സ്‌റ്റോം എന്ന് അറിയപ്പെടുന്ന ചന്ദ്രനിലെ ലാവാ സമതലത്തിൽ മനുഷ്യ സ്‌പർശം ഏൽക്കാത്തിടത്ത് നിന്ന് പദാർഥങ്ങൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. ചൈനയുടെ ആദ്യ ചാന്ദ്ര പര്യവേക്ഷണം നടന്നത് 2013ലാണ്. പുരാതന ചൈനക്കാർ ചന്ദ്രനെ ചാങ്ഇ എന്ന ദേവതയായി കണക്കാക്കി ആരാധിച്ച് പോന്നിരുന്നു. അതിനാലാണ് പുതിയ ദൗത്യത്തിന് ചാങ്ഇ എന്ന് പേരിട്ടത്.
Also Read: ഫാത്തിമ ലത്തീഫിന്റെ മരണം; സിബിഐ സംഘം കൊല്ലത്തെത്തി മൊഴിയെടുത്തു
ചാന്ദ്രശിലകൾ ശേഖരിച്ച ചാങ് ഇ5 ഡിസംബർ 5നാണ് ഭൂമിയിലേക്ക് യാത്ര തിരിച്ചത്. ചൈനീസ് ബഹിരാകാശ ഏജന്‍സി ചന്ദ്രനില്‍ നിന്നുള്ള നിരവധി ചിത്രങ്ങളാണ് പുറത്ത് വിട്ടിരുന്നത്. സോഫ്റ്റ് ലാന്‍ഡിങ്ങിനു ശേഷം 19 മണിക്കൂറിനുള്ളില്‍ മണ്ണിന്റെയും പാറകളുടെയും സാംപിളുകള്‍ ശേഖരിച്ച് ബഹിരാകാശ പേടകത്തിന്റെ ലാന്‍ഡറിനെ ഒരു വിക്ഷേപണ തറയായി ഉപയോഗിച്ച് ചാങ് ഇ5 ചന്ദ്രോപരിതലത്തിൽ നിന്ന് പറന്നുയരുക ആയിരുന്നുവെന്ന് ചൈന നാഷണല്‍ സ്‌പേസ് അഡ്‌മിനിസ്ട്രേഷന്‍ അറിയിച്ചു.