കൊല്ലം: മദ്രാസ് ഐഐടി വിദ്യാര്‍ഥിനിയായിരുന്ന ഫാത്തിമ ലത്തീഫ് ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സിബിഐ സംഘം കൊല്ലത്തെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. സിബിഐയുടെ ചെന്നൈ ബ്രാഞ്ചാണ് ഫാത്തിമ ലത്തീഫിന്റെ കൊല്ലത്തെ വീട്ടിലെത്തി മൊഴിയെടുത്തത്. അന്വേഷണം ഏറ്റെടുത്ത് ഒരു വര്‍ഷത്തിനു ശേഷമാണ് സിബിഐ വീട്ടിലെത്തിയത്.
രാവിലെ 10 മണിയോടെയാണ് മൂന്നംഗ സിബിഐ സംഘം കൊല്ലത്തെ വീട്ടിലെത്തിയത്. ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ശേഖരിച്ച മുഴുവന്‍ രേഖയുമായാണ് സിബിഐ എത്തിയത്. വീട്ടുകാരുടെ സാന്നിധ്യത്തില്‍ ഇവ പരിശോധിച്ചു. തന്റെ മരണത്തിന് ഉത്തരവാദി അധ്യാപകനായ സുദര്‍ശന്‍ പത്‌മനാഭന്‍ ആണെന്ന് ഫോണില്‍ ഫാത്തിമ പറഞ്ഞിരുന്നു.
പിതാവ് അബ്‌ദുൽ ലത്തീഫ്, മാതാവ് സജിത ലത്തീഫ്, ഇരട്ട സഹോദരിയായ അയിഷ, ഇളയ സഹോദരി മറിയം എന്നിവരുടെ മൊഴി സിബിഐ രേഖപ്പെടുത്തി. വീഡിയോ റെക്കോര്‍ഡിംഗിലൂടെയാണ് മൊഴി രേഖപ്പെടുത്തിയത്. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമയുടെ പിതാവ് സിബിഐ ഡയറക്‌ടർക്ക് കത്തയച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് സിബിഐ മൊഴിയെടുക്കാന്‍ എത്തിയത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ ഒമ്പതിനാണ് മദ്രാസ് ഐഐടി ഹോസ്‌റ്റല്‍ മുറിയില്‍ ഫാത്തിമയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിനു കാരണം അധ്യാപകന്‍ സുദര്‍ശന്‍ പത്‌മനാഭനാണെന്ന് ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ കണ്ടെത്തിയ കുറിപ്പില്‍ ആരോപിച്ചിരുന്നു.
മദ്രാസ് കോട്ടൂര്‍പുരം പോലീസ് പ്രാഥമികാന്വേഷണം നടത്തിയ കേസ് പിന്നീട് ചെന്നൈ സിറ്റി പോലീസിനു കീഴിലുള്ള സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന് (സിസിബി) കൈമാറി. സിസിബി അഡീഷണല്‍ കമ്മീഷണര്‍ സി ഈശ്വര മൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം നടത്തുന്നതിനിടെ കേസ് കോടതി ഇടപെട്ട് സിബിഐക്ക് കൈമാറുകയായിരുന്നു.
Also Read: ജനദാതൾ എസ് പിളർപ്പിലേക്ക്; വിമത പക്ഷം നാളെ യോഗം ചേരും