കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ടി. വീണയ്‌ക്ക് കുരുക്ക് മുറുകുന്നു. കേസിൽ നിർണായക തെളിവുകൾ ലഭിച്ചതിന് പിന്നാലെ വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് ഇഡി കടന്നേക്കും. കേസിൽ ഹവാല ഇടപാടിന് തെളിവ് ലഭിച്ചതായി ഇഡി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
കേസിൽ വീണ വിജയന്റെ ഭർത്താവും മുൻ മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസ് എംഎൽഎയുടെ സുഹൃത്തുക്കളുടെ വീടുകളിലും സ്‌ഥാപനങ്ങളിലും അടക്കം ഒമ്പതിടങ്ങളിൽ കഴിഞ്ഞദിവസം ഇഡി റെയ്‌ഡ് നടത്തിയിരുന്നു. പരിശോധനയിൽ ഹവാല ഇടപാടുകളിലൂടെ പണം കൈമാറിയതിന് തെളിവ് ലഭിച്ചതായി ഇഡി റിപ്പോർട്ടിൽ പറയുന്നു. ഏതാനും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
20.5 കോടിയുടെ ഇടപാട് നടന്നെന്നാണ് വിവരം. മേയ് 27ന് നടത്തിയ റെയ്‌ഡിൽ വീണയുടെ കൈപ്പടയിലുള്ള ചില രേഖകൾ പിടിച്ചെടുത്തിരുന്നു. അതിൽ ചില വ്യക്‌തികളുടെ പേരും അവരുമായി നടത്തിയ പണമിടപാടുകളും ദുബായിലേക്കുള്ള പണമിടപാടും അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നു. ദിർഹത്തിലും രൂപയിലുമാണ് ഇടപാട് നടത്തിയിരുന്നത്.
3.49 ലക്ഷം ദിർഹം (ഏകദേശം 85 ലക്ഷം രൂപ) ദുബായിലേക്ക് കൈമാറിയിട്ടുണ്ടെന്നാണ് രേഖയിലുള്ളത്. ടി. വീണയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ ഒരു സിം കാർഡിന്റെ ചിത്രവുമുണ്ട്. മറ്റൊരു വ്യക്‌തിയുടെ പേരിലെടുത്ത ഈ സിം വൈഫൈ റൂട്ടറിനായാണ് ഉപയോഗിച്ചിരുന്നത്. ഈ സിം ഇന്റർനെറ്റ് കോളുകൾക്കായാണ് ഉപയോഗിച്ചതെന്ന് സംശയിക്കുന്നുവെന്നും ഇഡി പത്രക്കുറിപ്പിൽ പറയുന്നു.
ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് ഇഡി വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ കടുത്ത നടപടികളിലേക്ക് കടക്കാനാണ് കേന്ദ്ര ഏജൻസിയുടെ നീക്കം. ഡയറിക്കുറിപ്പുകളിൽ പണം ഇടപാട് നടത്തിയതായി സൂചിപ്പിച്ചിട്ടുള്ളവരുടെ മൊഴിയെടുക്കുക, പുതിയ വിവരങ്ങൾ അടിസ്‌ഥാനമാക്കി വീണയെ വീണ്ടും ചോദ്യം ചെയ്യുക എന്നീ നടപടികളിലേക്ക് ഇഡി ഉടൻ കടന്നേക്കും.
Most Read| ഇനി ആക്രമണം; ലക്ഷ്യം യൂറോപ്പ്? ഇറാൻ വൻ പദ്ധതിയിടുന്നതായി റിപ്പോർട്



































