ത്രിപുരയിലെ വർഗീയ ആക്രമണം; ഹൈക്കോടതി റിപ്പോർട് തേടി

By News Desk, Malabar News
Ajwa Travels

ഗുവാഹത്തി: സംസ്‌ഥാനത്ത് ന്യൂനപക്ഷങ്ങൾക്ക് നേരെ നടന്ന അതിക്രമങ്ങളെ കുറിച്ച് റിപ്പോർട് തേടി ത്രിപുര ഹൈക്കോടതി. നവംബർ 10നകം റിപ്പോർട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. വിശ്വഹിന്ദു പരിഷത്തും (വിഎച്ച്‌പി) അനുബന്ധ സംഘടനകളും നടത്തിയ ഹുങ്കാർ റാലിയോടനുബന്ധിച്ച് മുസ്‌ലീങ്ങൾക്കെതിരെ വ്യാപക അക്രമം അരങ്ങേറുകയും സ്വത്തുവകകൾ നശിപ്പിക്കുകയും ചെയ്‌തുവെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ.

കേസ് സ്വമേധയാ പരിഗണിച്ച ചീഫ് ജസ്‌റ്റിസ്‌ സുഭാഷിഷ്‌ തലപത്രയും വിഷയത്തിൽ ഇതുവരെ എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കാൻ ത്രിപുര സർക്കാരിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിൽ അതിനെതിരെ നടപടിയെടുക്കണമെന്നും പ്രത്യേക നിർദ്ദേശമുണ്ട്.

ന്യൂനപക്ഷങ്ങൾക്കും ആരാധനാലയങ്ങൾക്കും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വ്യാജ സോഷ്യൽ മീഡിയാ പ്രചാരണങ്ങൾക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും സർക്കാർ വ്യക്‌തമാക്കി. പുറത്തുനിന്നുള്ള നിക്ഷിപ്‌ത താൽപര്യക്കാരാണ് സംസ്‌ഥാനത്തിന്റെ പ്രതിച്ഛായ നശിപ്പിക്കാനും അശാന്തി ഉണ്ടാക്കാനും ഗൂഢാലോചന നടത്തുന്നതെന്നാണ് സർക്കാരിന്റെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് പള്ളി കത്തിച്ചുവെന്ന ചിത്രം വ്യാജമാണെന്നും ഇതിൽ മൂന്ന് പേരെ അറസ്‌റ്റ്‌ ചെയ്യുകയും ഒൻപത് വ്യത്യസ്‌ത കേസുകൾ രജിസ്‌റ്റർ ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌.

പാനിസാഗറിൽ മുസ്‌ലിം പള്ളി കത്തിച്ച സംഭവം ഉണ്ടായിട്ടില്ല. ത്രിപുരയിൽ അശാന്തി സൃഷ്‌ടിക്കുന്നതിനും സംസ്‌ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും വികസനം തടസപ്പെടുത്തുന്നതിനുമായി പുറത്തുനിന്നുള്ള നിക്ഷിപ്‌ത താൽപര്യക്കാരാണ് ഒക്‌ടോബർ 26ന് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചത്- മന്ത്രി സുശാന്ത ചൗധരി പറഞ്ഞു.

അതേസമയം, മുസ്‌ലിം സ്‌ഥാപനങ്ങൾക്കും വീടുകൾക്കും ആരാധനാലയങ്ങൾക്കും നേരെ ഒക്‌ടോബർ 17 മുതൽ ആക്രമണം തുടങ്ങിയെന്നും ഇക്കാര്യം അധികാരികളെയും പോലീസിനെയും അറിയിച്ചെങ്കിലും അവർ മൗനം പാലിക്കുകയായിരുന്നു എന്നും ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെ ത്രിപുര നേതാക്കൾ ആരോപിച്ചു. ഒക്‌ടോബർ 17 മുതൽ ആരംഭിച്ച വർഗീയ ആക്രമണത്തിൽ മൗനം പാലിച്ച സർക്കാരും കോടതിയും ഒക്‌ടോബർ 26ലെ അക്രമത്തിൽ മാത്രമാണ് സ്വമേധയാ കേസെടുത്തതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

ബിഷർഗഡിലെ നാറോറയിലും സിപാഹിജാല ജില്ലയിലെ കലംചെറയിലും ഉനക്കോട്ടി ജില്ലയിൽ പാൽബസാറിലും രതാബാരിയിലുമാണ് വിഎച്ച്‌പി പ്രവർത്തകരുടെ ആക്രമണം നടന്നത്. ഇവിടങ്ങളിൽ പള്ളി തകർക്കപ്പെടുകയും മതഗ്രന്ഥങ്ങൾ നശിപ്പിക്കുകയും ചെയ്‌തുവെന്ന് പ്രദേശവാസികൾ പറയുന്നു. വഴിയോര കച്ചവടക്കാർക്ക് നേരെയും ആക്രമണമുണ്ടായി. പടിഞ്ഞാറൻ ത്രിപുരയിലെ കൃഷ്‌ണനഗറിലും അഗർത്തലയിലുമാണ് കൂടുതൽ ആക്രമണം നടന്നത്. ഇവിടെയും പള്ളികൾ തകർക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ചന്ദ്രപൂർ അഗർത്തല പള്ളി തകർത്തു. രാംനഗർ പള്ളിയിലെ സിസിടിവികൾ തകർത്തെറിഞ്ഞു. വടക്കൻ ത്രിപുരയിൽ ധർമനഗർ പള്ളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ചാമിത്തല മേഖലയിലെ രണ്ട് കടകൾക്ക് ചൊവ്വാഴ്‌ച വിഎച്ച്‌പി പ്രവർത്തകർ തീവെച്ചിരുന്നു. മൂന്ന് വീടുകളും ചില കടകളും നശിപ്പിച്ചിട്ടുണ്ട്. റോവ ബസാറിന് സമീപവും ആക്രമണം നടന്നുവെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ബാനുപാഡ ചക്രവർത്തി പറഞ്ഞു.

മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങളുമായി 3500ഓളം വിഎച്ച്‌പി പ്രവർത്തകരാണ് റാലിയിൽ അണിനിരന്നതെന്ന് പ്രദേശവാസികൾ പറയുന്നു. സ്‌ത്രീകൾക്ക് നേരെയും കയ്യേറ്റമുണ്ടായി. വീടുകളിൽ അതിക്രമിച്ച് കയറിയാണ് വിഎച്ച്‌പി പ്രവർത്തകർ അതിക്രമം നടത്തിയതെന്നും ആളുകൾ വ്യക്‌തമാക്കി.

സംസ്‌ഥാനത്ത് ഇതിനകം ഒരു ഡസനിലേറെ മുസ്‌ലിം ആരാധനാലങ്ങളും നിരവധി വീടുകളും സ്വത്തുവകകളും നശിപ്പിക്കപ്പെട്ടുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ആർഎസ്‌എസും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി), ബജ്‌റംഗദൾ തുടങ്ങിയ അനുബന്ധ സംഘടനകളാണ് ആക്രമണത്തിന് പിന്നിൽ.

Also Read: കുട്ടികൾ നാളെ സ്‌കൂളിലേക്ക്; രക്ഷിതാക്കൾക്ക് ആശങ്കയുടെ ആവശ്യമില്ലെന്ന് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE