അമ്പലവയൽ: ടിപിആർ നിരക്ക് കൂടിയതോടെ അമ്പലവയൽ ടൗൺ വീണ്ടും പൂട്ടി. മൂന്ന് മാസത്തിലേറെയായി അമ്പലവയൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ലോക്ക്‌ഡൗണും കണ്ടെയ്‌മെന്റ് സോണുമായി ഏറെക്കാലം വ്യാപാര സ്‌ഥാപനങ്ങളും അടഞ്ഞു കിടന്നിരുന്നു. എന്നാൽ, ഇളവുകൾ പ്രഖ്യാപിച്ചതോടെ അമ്പലവയൽ തുറന്ന് ദിവസങ്ങൾക്കകമാണ് വീണ്ടും പൂട്ടിയിട്ടിരിക്കുന്നത്.
ഇതുമൂലം ഏറെ കച്ചവടം പ്രതീക്ഷിക്കുന്ന ഓണക്കാലത്ത് പോലും വ്യാപാര സ്‌ഥാപനങ്ങൾ ഉൾപ്പടെ അടച്ചിടേണ്ട സ്‌ഥിതിയിലായി. സമീപത്തെ ടൗണുകളെല്ലാം തുറന്നതിനാൽ ആളുകളെല്ലാം അങ്ങോട്ട് പോവുകയാണെന്ന് വ്യാപാരികൾ പറഞ്ഞു. ഇതോടെ അമ്പലവയലിൽ വ്യാപാരികൾക്ക് ഈ ഓണക്കാലവും നഷ്‌ടത്തിന്റെ കണക്ക് മാത്രമായിരിക്കും സമ്മാനിക്കുക.
എന്നാൽ, പഞ്ചായത്ത് കൂടുതൽ കാലം തുടർച്ചയായി അടച്ചിടുന്നതിനെതിരെ പ്രതിഷേധവും ശക്‌തമാണ്. വ്യാപാരികളും, യൂത്ത് കോൺഗ്രസ് പ്രവർത്തകരുമാണ് പഞ്ചായത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോവിഡ് പ്രതിരോധത്തിൽ സമ്പൂർണ പരാജയമായ അമ്പലവയൽ പഞ്ചായത്ത് ഭരണസമിതി രാജിവെയ്‌ക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. അമ്പലവയൽ, തോമാട്ടുചാൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വീടുകളിൽ പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു.
Read Also: ചെക്ക്‌പോസ്‌റ്റുകളിൽ വിജിലൻസ് പരിശോധന; കണക്കിൽപ്പെടാത്ത 16,900 രൂപ പിടിച്ചെടുത്തു