കണ്ണൂർ: സംസ്‌ഥാന വ്യാപകമായി നടത്തുന്ന ‘ഓപ്പറേഷൻ ഭ്രഷ്‌ട് നിർമൂലം’ പരിശോധനയുടെ ഭാഗമായി കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ചെക്ക്‌പോസ്‌റ്റുകളിൽ മോട്ടോർ വാഹനവകുപ്പ് വിജിലൻസ് പരിശോധന നടത്തി. പരിശോധനയിൽ കണക്കിൾ പെടാത്ത 16,900 രൂപ പിടിച്ചെടുത്തതായി വിജിലൻസ് അധികൃതർ പറഞ്ഞു. ഇന്നലെ രാവിലെ ആറുമുതലാണ് വിജിലൻസ് പരിശോധന നടത്തിയത്.
കണ്ണൂർ കൂട്ടുപുഴ ചെക്ക്‌പോസ്‌റ്റിൽ എത്തുന്ന വാഹനങ്ങളിൽ നിന്ന് അനധികൃതമായി പണം പിരിക്കുന്ന രണ്ടു ഇടനിലക്കാരെയും ഉദ്യോഗസ്‌ഥർ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ചെറിയ വാഹനങ്ങൾക്ക് രശീതോ, മറ്റ് ചോദ്യങ്ങളോ ഇല്ലാതെ 50 രൂപ കൊടുത്തും, വലിയ വാഹനങ്ങൾ 100 രൂപ കൊടുത്തും പരിശോധനകൾ ഇല്ലാതെ അതിർത്തി കടന്നു പോകുന്നതായി വിജിലൻസ് കണ്ടെത്തി. കൂടാതെ, കണ്ണൂർ കൂട്ടുപുഴ ചെക്ക്‌പോസ്‌റ്റിൽ അനധികൃതമായി 1,600 രൂപ പിരിക്കുന്നതും വിജിലൻസ് സംഘം തടഞ്ഞു.
ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കൂട്ടുപുഴ ചെക്ക്‌പോസ്‌റ്റിൽ കഴിഞ്ഞ മാസം വെറും 25 വാഹനങ്ങളാണ് ഭാര പരിശോധന നടത്തിയതെന്നും കണ്ടെത്തി. അതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ഭാരക്കൂടുതൽ കണ്ടെത്തിയതും. എന്നാൽ, ഭാര പരിശോധനാ യന്ത്രം ഇല്ലെന്നാണ് ചെക്ക്‌പോസ്‌റ്റ് ഉദ്യോഗസ്‌ഥരുടെ വാദം. ഇവിടെയുള്ള ക്യാമറയും പ്രവർത്തിക്കുന്നില്ല. കൈക്കൂലിക്കെതിരായ ബോർഡ് ആരും കാണാത്ത സ്‌ഥത്താണുള്ളത്. ഇവയുടെയെല്ലാം വീഡിയോയും വിജിലൻസ് പകർത്തിയിട്ടുണ്ട്.
ചെക്ക്‌പോസ്‌റ്റിലെ ഒരു ഉദ്യോഗസ്‌ഥന്റെ ഫോണിലേക്ക് പണം ആവശ്യപ്പെട്ട് വന്ന വാട്‌സ്ആപ് സന്ദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് വാഹനങ്ങളിൽ നിന്ന് പണം പിരിക്കുന്ന രണ്ടു ഇടനിലക്കാരെ പിടികൂടാനായത്. വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് വിജിലൻസ് സംഘം പറഞ്ഞു.
Read Also: ഹെർപ്പസ് വൈറസ് ബാധ; ആനക്കുട്ടികൾക്ക് ക്വാറന്റെയ്‌ൻ ഏർപ്പെടുത്തി