പാലക്കാട്: നെൻമാറ ഗ്രാമപഞ്ചായത്തിലെ പോത്തുണ്ടി വാർഡിനെ സമ്പൂർണ തീവ്രബാധിത മേഖലയായി പ്രഖ്യാപിച്ചതിനെ തുടർന്ന് പോത്തുണ്ടി ഉദ്യാനം തുറക്കുന്നത് വൈകും. തീവ്രബാധിത മേഖല വിഭാഗത്തിൽ നിന്ന് വാർഡിനെ ഒഴിവാക്കുന്നതോടെ ഉദ്യാനം സഞ്ചാരികൾക്കായി തുറന്നു കൊടുക്കുമെന്ന് മലമ്പുഴ എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ജില്ലയിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളോടൊപ്പം തിങ്കളാഴ്‌ച മുതൽ പോത്തുണ്ടിയും തുറക്കുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
അതേസമയം, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമായിരിക്കും ഉദ്യാനത്തിലേക്ക് പ്രവേശനം ഏർപ്പെടുത്തുക. 72 മണിക്കൂർ മുൻപ് ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ള ആളുകൾ, ആദ്യ ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾ, ഒരു മാസം മുൻപ് കോവിഡ് ബാധിച്ച ശേഷം നെഗറ്റീവ് ആയവർ എന്നിവർക്ക് മാത്രമായിരിക്കും ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം നൽകുക.
കഴിഞ്ഞ ഏപ്രിൽ 26ന് ആയിരുന്നു കോവിഡിനെ തുടർന്ന് പുതുതായി ഒരുക്കിയ സാഹസിക ഉദ്യാനവും പഴയ ഉദ്യാനവും അടച്ചിട്ടത്. എന്നാൽ, ഇക്കോടൂറിസം കേന്ദ്രമായ നെല്ലിയാമ്പതി ബുധനാഴ്‌ച മുതൽ തുറന്നിട്ടുണ്ട്. ഇവിടെയെത്തുന്ന നൂറുകണക്കിന് സഞ്ചാരികളാണ് പോത്തുണ്ടി ഉദ്യാനവും കാണാൻ വരുന്നത്. ഓണത്തിന് മുൻപ് പോത്തുണ്ടി ഉദ്യാനം തുറക്കാനാകുമെന്ന വിശ്വാസത്തിലാണ് അധികൃതർ.
Read Also: കർശന നിയന്ത്രണം; ജില്ലയിൽ സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾ തുടങ്ങി