മലപ്പുറം: കർശന നിയന്ത്രണങ്ങളോടെ ഇന്ത്യയുടെ 75ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ ജില്ലയിൽ തുടങ്ങി. നാളെ രാവിലെ സിവിൽ സ്‌റ്റേഷനിലെ യുദ്ധ സ്‌മാരകത്തിൽ പുഷ്‌പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് രാവിലെ ഒമ്പതിന് എംഎസ്‌പി മൈതാനത്ത് നടക്കുന്ന പരിപാടിയിൽ മന്ത്രി വി അബ്‌ദുറഹ്‌മാൻ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. അതേസമയം, കോവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ പൊതുജനങ്ങൾക്ക് ഇത്തവണ ചടങ്ങിൽ പ്രവേശനം ഉണ്ടായിരിക്കില്ല.
പ്രത്യേക ക്ഷണിതാക്കൾ, ഉദ്യോഗസ്ഥരുമടക്കം 100 പേരെ മാത്രമാണ് ചടങ്ങിൽ അനുവദിക്കുക. കുട്ടികളുടെ ദേശഭക്‌തി ഗാനം, സേനാ മെഡലുകളുടെ വിതരണം, സാംസ്‌കാരിക പരിപാടികൾ എന്നിവ ഉണ്ടാകില്ല. ചടങ്ങുകളുടെ ഭാഗമായി സാനിറ്റൈസർ, മാസ്‌ക്, തെർമൽ സ്‌കാനർ, ആന്റിജൻ പരിശോധനാ സംവിധാനം എന്നിവയും ആംബുലൻസ് സേവനവും സജ്‌ജമാക്കി.
കോവിഡ് മുന്നണി പോരാളികളെന്ന നിലയിൽ മൂന്ന് ഡോക്‌ടർമാർ, രണ്ടു നഴ്‌സുമാർ, രണ്ടു പാരാമെഡിക്കൽ ജീവനക്കാർ, മൂന്ന് ശുചീകരണ തൊഴിലാളികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. പരേഡിൽ എംഎസ്‌പി വനിതാ പോലീസ്, ലോക്കൽ പോലീസും എ ആർ വിഭാഗവും, അഗ്‌നിരക്ഷാ സേന, എക്‌സൈസ് എന്നീ വിഭാഗങ്ങളും പങ്കെടുക്കും. ചടങ്ങിന്റെ ഒരുക്കങ്ങൾ എഡിഎം എൻഎം മെഹറലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.
Read Also: മോഷണംപോയ ഓണക്കിറ്റ് തിരികെ കൊണ്ടുവച്ച് മോഷ്‌ടാവ്