ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ച ആളുകളുടെ എണ്ണം 96,982 ആണ്. കഴിഞ്ഞ ദിവസം പ്രതിദിന രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നിരുന്നു. തുടർന്ന് പ്രതിദിന രോഗബാധ ഒരു ലക്ഷത്തിൽ താഴെ എത്തിയെങ്കിലും രാജ്യത്ത് റിപ്പോർട് ചെയ്യുന്ന ഏറ്റവും ഗുരുതരമായ കണക്കുകളാണിത്. ഇതോടെ നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച ആകെ ആളുകളുടെ എണ്ണം 1,26,86,049 ആയി ഉയർന്നു.
അതേസമയം തന്നെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 50,143 ആളുകൾ കോവിഡ് മുക്‌തരായിട്ടുണ്ട്. പ്രതിദിന രോഗബാധിതരേക്കാൾ വളരെ താഴ്ന്ന കണക്കുകളാണ് രോഗമുക്‌തരിൽ ഉണ്ടാകുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരിൽ 1,17,32,279 ആളുകളും ഇതുവരെ രോഗമുക്‌തരായി. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 446 ആണ്. രാജ്യത്ത് ഇതുവരെ 1,65,577 ആളുകളാണ് കോവിഡിനെ തുടർന്ന് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകളിലും രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തത് മഹാരാഷ്‌ട്രയിൽ നിന്നാണ്. 47,288 പുതിയ കോവിഡ് കേസുകളാണ് ഇവിടെ കഴിഞ്ഞ ദിവസം മാത്രം റിപ്പോർട് ചെയ്‌തത്. പ്രതിദിന രോഗബാധ ഉയരുന്ന സാഹചര്യത്തിൽ മഹാരാഷ്‌ട്രയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്‌ട്രക്ക് പുറമേ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ രാജസ്‌ഥാനിലും കർശന നിയന്ത്രണം ഏർപ്പെടുത്തി. കൂടാതെ നിലവിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്യുന്ന മഹാരാഷ്‌ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ കേന്ദ്രസംഘം സ്‌ഥിതിഗതികൾ വിലയിരുത്താനായി എത്തുമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also : ശബരിമല; മുഖ്യമന്ത്രിയുടെ പ്രതികരണം ആരും വിശ്വസിക്കില്ല; ഉമ്മൻ ചാണ്ടി