കോവിഡ് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ജനങ്ങളുടെ അഭിലാഷങ്ങളെ ബാധിച്ചില്ല; പ്രധാനമന്ത്രി

By Staff Reporter, Malabar News
national image_malabar news
PM Narendra Modi
Ajwa Travels

ന്യൂഡെല്‍ഹി: കോവിഡ് മഹാമാരി ഇന്ത്യയില്‍ വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും അത് ജനങ്ങളുടെ അഭിലാഷങ്ങളെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി. യുഎസ് – ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ട്ണര്‍ഷിപ്പ് ഫോറത്തിന്റെ മൂന്നാമത് വാര്‍ഷിക നേതൃത്വ ഉച്ചകോടിയില്‍ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി സംസാരിച്ചത്.

കോവിഡിന് പുറമെ വെള്ളപ്പൊക്കം, രണ്ട് ചുഴലിക്കാറ്റുകള്‍, വെട്ടുക്കിളി ആക്രമണങ്ങള്‍ എന്നിവ കഴിഞ്ഞ മാസങ്ങളില്‍ രാജ്യം നേരിട്ടെങ്കിലും ഇതെല്ലാം ജനങ്ങളെ കൂടുതല്‍ ശക്തരാക്കുകയാണ് ചെയ്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമീപമാസങ്ങളിലായി വ്യാപകമായ പരിഷ്‌കരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ബിസിനസ്സ് നടത്തുന്നത് കൂടുതല്‍ എളുപ്പമാക്കുകയും മാമൂല്‍ സമ്പ്രദായങ്ങളെ കുറച്ചുകൊണ്ടുവരികയും ചെയ്യുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

130 കോടി ജനങ്ങളും പരിമിതമായ ആരോഗ്യ സംവിധാനങ്ങളുമുളള ഇന്ത്യയില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് 19 മരണനിരക്ക് കുറവാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മാത്രവുമല്ല രാജ്യത്ത് രോഗമുക്തി നിരക്ക് ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. എന്നിരുന്നാലും കൊറോണ വൈറസ് നമ്മുടെ പോരാട്ടവീര്യത്തേയും പൊതുജനാരോഗ്യ സംവിധാനത്തേയും സാമ്പത്തികവ്യവസ്ഥയേയും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 2020ന്റെ ആരംഭത്തില്‍ രാജ്യത്ത് ഇത്തരമൊരു പ്രതിസന്ധി സംജാതമാകുമെന്ന് ആരും ചിന്തിച്ചിരുന്നില്ല. മനുഷ്യകേന്ദ്രിതമായ വികസനം സംബന്ധിച്ച പുതിയ മനോനിലയാണ് നിലവിലെ സാഹചര്യം ആവശ്യപ്പെടുന്നതെന്നും മോദി പറഞ്ഞു.

ആഗോള വിതരണ ശൃംഖല വികസിപ്പിക്കാനുളള തീരുമാനം വിലയുടെ മാത്രമല്ല, മറിച്ച് വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്ന് ഈ മഹാമാരി ലോകത്തിന് കാണിച്ചു തന്നു. ഇപ്പോള്‍ കമ്പനികള്‍ വിശ്വാസ്യതയും നയ സ്ഥിരതയും കൂടി കണക്കിലെടുത്തു തുടങ്ങിയെന്നും ഇന്ത്യ ഈ ഗുണങ്ങളെല്ലാമുളള രാജ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൂടാതെ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും പ്രാദേശികതയെയും ആഗോളതയെയും പരസ്പരം ബന്ധിപ്പിക്കുന്ന ആത്മനിര്‍ഭര്‍ ഭാരത് സൃഷ്ടിക്കാനുളള ദൗത്യം ആരംഭിച്ചിരിക്കുകയാണ്. ലോകത്തിന്റെ കരുത്ത് ഇരട്ടിപ്പിക്കുന്നതിനായി ഇന്ത്യയുടെ ശക്തി പ്രവര്‍ത്തിക്കുന്നുവെന്ന് ഇതുറപ്പാക്കുമെന്നും പ്രധാനമന്ത്രി ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE