കണ്ണൂർ: പേരാവൂർ താലൂക്ക് ആശുപത്രിയിൽ കോവിഡ് ഐസിയുവിന്റെ നിർമാണം തടഞ്ഞ സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ പേരാവൂർ പോലീസിന് പരാതി നൽകി. ഇന്നലെ ഉച്ചയോടെയാണ് പേരാവൂർ താലൂക്ക് ആശുപത്രിയോട് ചേർന്ന് നിർമിക്കുന്ന ഐസിയു യൂണിറ്റിന്റെ പണികൾ സമീപത്ത് താമസിക്കുന്ന രണ്ട് സർക്കാർ ഡോക്‌ടർമാർ തടഞ്ഞത്. തുടർന്ന് പേരാവൂർ പോലീസ് സ്‌ഥലത്ത് എത്തുകയും ചെയ്‌തിരുന്നു.
ഇന്ന് നടക്കുന്ന ചർച്ചകൾക്ക് ശേഷം പണികൾ നടത്തിയാൽ മതിയെന്ന നിർദ്ദേശമാണ് പോലീസ് നൽകിയത്. ഐസിയുവിലേക്ക് ഓക്‌സിജൻ സിലിണ്ടർ കൊണ്ടുപോകുന്നതിന് നടത്തുന്ന നിർമാണം കാരണം തങ്ങളുടെ വീടുകളിലേക്ക് ഉള്ള വഴി തടസപ്പെടുമെന്ന് ആരോപിച്ചാണ് ഡോക്‌ടർമാർ പണികൾ തടഞ്ഞത്. പണി തടസപ്പെടുത്തിയ സർക്കാർ സർവീസിൽ ഉള്ള ഡോ.പിപി രവീന്ദ്രൻ, ഡോ.എൻ സദാനന്ദൻ എന്നിവർക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി നൽകുമെന്നും ആശുപത്രി സംരക്ഷണ സമിതി അറിയിച്ചു.
കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ഐസിയു നിർമിക്കുന്നത്. കേന്ദ്ര നിർമാണ ഏജൻസിയായ എച്ച്‌എൻഎൽ ആണ് നിർമാണ ജോലികൾ ചെയ്യുന്നത്. സർക്കാർ ആശുപത്രിയുടെ സ്‌ഥലത്ത് നടത്തുന്ന നിർമാണം സർക്കാർ സർവീസിലുള്ള ഉദ്യോഗസ്‌ഥർ തന്നെ തടഞ്ഞെന്നുള്ള പരാതി വിവാദമായിരിക്കുകയാണ്.
Most Read: വിദ്യാർഥികൾക്ക് ആശങ്ക വേണ്ട; സർക്കാർ സജ്‌ജമെന്ന് വിദ്യാഭ്യാസ മന്ത്രി