കോട്ടയം: പാലായില്‍ ജോസ് കെ മാണിയുടെ പരാജയത്തിന് കാരണം ബിജെപി വോട്ടുകള്‍ ചോര്‍ന്നതാണെന്ന് ആവര്‍ത്തിച്ച് കോട്ടയം ജില്ലയിലെ സിപിഐഎം നേതാക്കള്‍. പാലായിലെ തോല്‍വി ചര്‍ച്ച ചെയ്യാന്‍ സിപിഐഎം ജില്ലാ കമ്മിറ്റി ഇന്ന് യോഗം ചേരും. പരിശോധന വേണമെന്ന് ജോസ് കെ മാണി ശക്‌തമായി ആവശ്യപ്പെടുന്നതിനിടെ ആണ് യോഗം ചേരുന്നത്.
തോൽവി അന്വേഷിക്കേണമോ എന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി തീരുമാനം എടുക്കുമെന്നാണ് മുതിര്‍ന്ന നേതാവ് വ എന്‍ വാസവന്റെ പ്രതികരണം.
പാലായിലെ പരാജയത്തിന് സിപിഐഎമ്മിലെ വോട്ട് ചോര്‍ച്ച കാരണമായിട്ടുണ്ടോ എന്ന് പരിശോധന നടത്തണമെന്നായിരുന്നു ജോസ് കെ മാണിയുടെ ആവശ്യം. ഇത് അംഗീകരിച്ച് സംസ്‌ഥാന നേതൃത്വം, ജില്ലാതലത്തില്‍ പരിശോധന നടത്തുമെന്ന് പ്രഖ്യാപനം നടത്തി.
എന്നാല്‍ പാലായില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫ് സ്‌ഥാനാര്‍ഥിക്ക് മറിഞ്ഞതാണ് ജോസ് കെ മാണിയുടെ പരാജയത്തിന് കാരണമായത് എന്നാണ് ജില്ലയില്‍ നിന്നുള്ള സിപിഐഎം നേതാക്കളുടെ പ്രതികരണം. മറ്റു കാരണങ്ങള്‍ തോല്‍വിക്ക് പിന്നിലുണ്ടോ എന്നത് ചര്‍ച്ചയ്‌ക്ക് ശേഷമേ പറയാനാകൂ എന്നും നേതാക്കൾ പ്രതികരിച്ചു.
തോല്‍വി അന്വേഷിക്കുമെന്ന് സിപിഐഎം സംസ്‌ഥാന നേതൃത്വം പറയുമ്പോള്‍ ആലോചിച്ച ശേഷം മാത്രം ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയാല്‍ മതിയെന്നാണ് ജില്ലാ നേതാക്കളുടെ തീരുമാനം. അതേസമയം ജനപ്രീതി കുറവായത് ജോസ് കെ മാണിയ്‌ക്ക് തിരിച്ചടിയായെന്നാണ് പ്രാദേശിക സിപിഐഎം നേതാക്കള്‍ വിലയിരുത്തുന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇപ്പോൾ ചര്‍ച്ചയാകില്ല എന്നാണ് വിവരം.
Most Read: പാലാരിവട്ടം പാലം അഴിമതിക്കേസ്; വികെ ഇബ്രാഹിം കുഞ്ഞിന്റെ ഹരജി ഇന്ന് പരിഗണിക്കും