ന്യൂഡെല്‍ഹി : രാജ്യതലസ്‌ഥാനത്ത് സമരം നടത്തുന്ന കര്‍ഷകര്‍ക്ക് സൗജന്യ വൈഫൈ നൽകാന്‍ തീരുമാനിച്ച് ഡെല്‍ഹി സര്‍ക്കാര്‍. കര്‍ഷക സമരം നടക്കുന്ന സ്‌ഥലങ്ങളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് സൗജന്യ വൈഫൈ നല്‍കാനുള്ള തീരുമാനം ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ എടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി സിംഗു അതിര്‍ത്തിയിലടക്കം വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കി.
രാജ്യത്ത് കര്‍ഷക സമരം ശക്‌തമാകുന്ന സാഹചര്യത്തില്‍ ഇന്ന് കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ കൂടിക്കാഴ്‌ച നടത്തും. ഇന്ന് ഉച്ചക്ക് 2 മണിയോടെ വിഖ്യാന്‍ ഭവനില്‍ വച്ചാണ് ചര്‍ച്ച നടക്കുക. ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ തന്നെ കര്‍ഷക സംഘടനകള്‍ ഉറച്ചു നില്‍ക്കും. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ അംഗീകരിക്കുമോ എന്ന കാര്യവും സംശയമാണ്.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാൻ തയ്യാറാകുമോ എന്നതിനെ ആശ്രയിച്ചാണ് ചര്‍ച്ചയുടെ ഭാവിയുള്ളത്. നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് വ്യക്‌തമാക്കിയതോടെയാണ് ഇതിന് മുന്‍പ് നടന്ന ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടത്. ഇത്തവണയും അത് ആവര്‍ത്തിക്കുമോ എന്നതാണ് വരുന്ന മണിക്കൂറുകളില്‍ അറിയാന്‍ പോകുന്നത്. നിയമങ്ങള്‍ പിന്‍വലിക്കാതെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില നല്‍കാനുള്ള തീരുമാനം രേഖാമൂലം ഉറപ്പ് നല്‍കാമെന്ന വാഗ്‌ദാനം തന്നെ ഇത്തവണയും സര്‍ക്കാര്‍ മുന്നോട്ട് വെക്കാനുള്ള സാധ്യതയും കൂടുതലാണ്.
Read also : കർഷക പ്രക്ഷോഭം; ഇന്ന് നിർണായക ചർച്ച