മലപ്പുറം: തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബിനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം രംഗത്ത്. തിരൂർ മാങ്ങാട്ടിരി സ്വദേശിയാണ് ചാലിബ്. ഇന്നലെ വൈകിട്ട് ഓഫീസിൽ നിന്ന് ഇറങ്ങിയ ചാലിബ് ഇതുവരെ വീട്ടിലെത്തിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
ഓഫീസിൽ നിന്ന് ഇറങ്ങിയ ചാലിബ് വീട്ടിലെത്താൻ വൈകുമെന്ന് ഭാര്യയെ വിളിച്ചറിയിച്ചിരുന്നു. രാത്രി എട്ടുമണിയോടെ വീണ്ടും അന്വേഷിച്ചപ്പോൾ വളാഞ്ചേരി ഭാഗത്താണെന്നും പോലീസും എക്‌സൈസുമൊത്ത് പരിശോധനയുള്ളതിനാൽ വീട്ടിലെത്താൻ വൈകുമെന്നും മെസേജ് അയച്ചു. പിന്നീട് വിളിച്ചപ്പോഴൊന്നും ചാലിബിനെ ഫോണിൽ കിട്ടിയില്ല.
ഇതോടെ, ഇന്നലെ രാത്രി 11 മണിയോടെ കുടുംബം അന്വേഷണം ആരംഭിക്കുകയായിരുന്നു. കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പോലീസിൽ പരാതി നൽകി. ഇതിനിടെ ചാലിബിന്റെ ഫോൺ സ്വിച്ച് ഓഫായി. ഇന്ന് രാവിലെ 6.55ന് ഫോൺ വീണ്ടും ഓണായെങ്കിലും വൈകാതെ വീണ്ടും ഓഫായി. ഈ സമയം ഫോണിന്റെ ലൊക്കേഷൻ കോഴിക്കോടാണ് കാണിച്ചതെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്‌തമായിട്ടുണ്ട്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. പോലീസ് ശക്‌തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ, ചാനിബ് പറഞ്ഞതനുസരിച്ച് തലേദിവസം രാത്രി പോലീസും എക്‌സൈസും ചേർന്നുള്ള പരിശോധന നടന്നിട്ടില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ