പാലക്കാട്: മുതലമട ചെമ്മണാമ്പതിയിൽ രണ്ട് ആദിവാസി യുവാക്കളെ കാണാതായ സംഭവത്തിൽ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്. ചപ്പക്കാട് ആദിവാസി ഊരിലെ മുരുകേശൻ, സ്‌റ്റീഫൻ എന്നിവരെ കാണാതായിട്ട് രണ്ട് മാസം പിന്നിട്ടിരിക്കുകയാണ്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ യുവാക്കളെ കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സി സുന്ദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇനി കേസ് അന്വേഷിക്കുക.
അതേസമയം, കാണാതായ യുവാക്കളെ കുറിച്ച് സൂചന നൽകുന്നവർക്ക് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ള നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഓഗസ്‌റ്റ് 30ന് ആണ് ഇരുവരെയും കാണാതായത്. അന്നേ ദിവസം രാത്രി ഇരുവരും തോട്ടത്തിൽ പോയിരുന്നു. പിന്നീട് തിരിച്ചുവന്നിട്ടില്ല. ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫാണ്. മുങ്ങൽ വിദഗ്‌ധരെ എത്തിച്ച് അടുത്തുള്ള ജലാശയങ്ങളിലും മറ്റും തിരച്ചിൽ നടത്തിയിരുന്നു. വനത്തിനുള്ളിൽ ഡ്രോൺ ക്യാമറകൾ സ്‌ഥാപിച്ചും പരിശോധന നടത്തിയിരുന്നു. എന്നാൽ ഇവരെ കണ്ടെത്താനായില്ല.
അതേസമയം, കഴിഞ്ഞ ദിവസം യുവാക്കളുടെ ഫോൺ സിഗ്‌നൽ അവസാനമായി ലഭിച്ച 26 സ്‌ഥലങ്ങളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് പരിശോധന നടത്തിയിരുന്നു. സ്വകാര്യ വ്യക്‌തിയുടെ തോട്ടത്തിലാണ് കുഴിയെടുത്ത് പരിശോധന നടത്തിയത്. സ്‌ഥലത്തെ തടങ്ങളിലെ കുഴികളും പരിശോധിച്ചു. കൊല്ലങ്കോട് ഇൻസ്‌പെക്‌ടർ എ വിപിൻ ദാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Most Read: കുട്ടികൾ നാളെ സ്‌കൂളിലേക്ക്; രക്ഷിതാക്കൾക്ക് ആശങ്കയുടെ ആവശ്യമില്ലെന്ന് മന്ത്രി