വിദ്യാർഥികളെ സഹായിക്കാൻ ഡിവൈഎഫ്‌ഐ; ദേവികയുടെ സഹോദരങ്ങളുടെ പഠന ചെലവ് ഏറ്റെടുത്ത് യൂത്ത് കോൺഗ്രസും

By Esahaque Eswaramangalam, Chief Editor
  • Follow author on
DYFI and Youth Congress
Image by Alavudheen
Ajwa Travels

ടിവിയും അനുബന്ധ സംവിധാനങ്ങളും ഇല്ലാത്തത് കൊണ്ട് ഓൺലൈൻ പഠനം മുടങ്ങുന്ന കുട്ടികളെ സഹായിക്കാൻ ഡിവൈഎഫ്‌ഐ ആരംഭിച്ച സാമൂഹിക പ്രചരണ പരിപാടി സംസ്‌ഥാനമാകെ ഏറ്റടുക്കുന്നു. പത്താം ക്ളാസിലെ ഓൺലൈൻ പഠനം ആസാധ്യമായതിൽ മനം നൊന്ത് ആത്‌മഹത്യ ചെയ്‌ത പെൺകുട്ടിയുടെ സഹോദരങ്ങളുടെ തുടർ വിദ്യഭ്യാസ ചെലവുകൾ ഏറ്റെടുത്ത് യൂത്ത് കോൺഗ്രസും മാതൃകയാകുന്നു.

മലപ്പുറം: പാവപ്പെട്ട വിദ്യാർഥികളെ സഹായിക്കുന്നതിന് സംസ്‌ഥാനമാകെ ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ. ക്യാമ്പയിന് പിന്തുണയുമായി ചലച്ചിത്രതാരം മഞ്‍ജുവാര്യരും.

പഠനത്തിന് അടിസ്‌ഥാന സൗകര്യമില്ലാത്ത കുട്ടികൾക്കായി ടിവി വാങ്ങി നൽകുന്ന ചലഞ്ചിനാണ് ഡിവൈഎഫ്‌ഐ സംസ്‌ഥാന കമ്മിറ്റി തുടക്കമിട്ടത്. ഒന്നിലധികം ടിവി ഉള്ളവർക്ക് അത് സംഭാവനയായി നൽകാമെന്നും ടിവി വാങ്ങി നൽകാൻ സന്നദ്ധരായവർക്ക് അതുമാകാമെന്നും ഡിവൈഎഫ്‌ഐ സംസ്‌ഥാന കമ്മിറ്റി. ഈ സാമൂഹിക ദൗത്യത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾ അതാത് പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകരുമായോ സ്‌റ്റേറ്റ് ഓഫീസുമായോ ബന്ധപ്പെടണമെന്ന് സംസ്‌ഥാന കമ്മിറ്റി അറിയിച്ചു. വിളിക്കേണ്ട നമ്പറുകൾ; 9895 8586 66, 859 0011 044, 859 0018 240, 70 1221 55 74 എന്നിവയാണ്.

ഡിവൈഎഫ്‌ഐ ഈ പ്രചാരണം ആരംഭിച്ച ഉടനെ അതിന് പിന്തുണ നൽകികൊണ്ട് പ്രശസ്‌ത ചലച്ചിത്രതാരം മഞ്ജു വാര്യരുമെത്തി. ഡിവൈഎഫ്‌ഐ സ്‌റ്റേറ്റ് ഓഫീസിലേക്ക് നേരിട്ട് വിളിച്ച് അഞ്ച് ടിവി നൽകാൻ സന്നദ്ധമാണെന്ന് മഞ്ജു അറിയിച്ചു.

അതേ സമയം, ടിവിയും അനുബന്ധ സൗകര്യങ്ങളും ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം അസാധ്യമായതിലുള്ള വേദനയിൽ മനം നൊന്ത് ആത്‌മഹത്യ ചെയ്‌ത പത്താം ക്ളാസുകാരി പെൺകുട്ടിയുടെ സഹോദരങ്ങൾക്ക് ആവശ്യമായ തുടർ പഠന ചെലവ് യൂത്ത് കോൺഗ്രസ്‌ ഏറ്റെടുക്കുമെന്ന് സംസ്‌ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ എംഎൽഎ. ദേവികയുടെ വീട് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിങ്കളാഴ്‌ച വൈകുന്നേരത്തോടെ, വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ ഈ പത്താം ക്ളാസുകാരിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെ, ആള്‍പ്പാർപ്പില്ലാത്ത വീടിന്‍റെ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ലഭ്യമായ വിവരമനുസരിച്ച്, കോളനിയിലെ വീട്ടിൽ ഈ സൗകര്യങ്ങളില്ലാത്തതിനാൽ പഠനം മുടങ്ങുമെന്ന ആശങ്കയിലാണ് ദേവിക ആത്‌മഹുതി ചെയ്‌തത്. ഇരുമ്പിളിയം ജി എച്ച് എസ് എസിലെ ഈ പതിനാലുകാരി വിദ്യാർഥി പഠനത്തിൽ സമർഥയായിരുന്നു. സ്‌കൂളിലെ ഓൺലൈൻ പഠനത്തിന് വീട്ടിൽ സൗകര്യങ്ങളില്ലാത്ത 26 കുട്ടികളുടെ പട്ടികയിലെ ഒരാളായിരുന്നു​ ദേവിക.

ലേഖകൻ; ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസഹാഖ് ഈശ്വരമംഗലം മാദ്ധ്യമ പ്രവർത്തന മേഖലയിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'കേരളീയം' മലയാള സാംസ്‌കാരിക മാസികയുടെ എഡിറ്ററായി 5 വർഷം പ്രവർത്തിച്ചിട്ടുണ്ട്. GCC Business News -ന്റെ സ്‌ഥാപകനും എഡിറ്ററുമാണ്. മാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിന് 2008-ൽ കെ.എൻ.എൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിലും സാമൂഹിക സംഘടനകളിലും പങ്കാളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE