കൽപ്പറ്റ: ഒരാഴ്‌ചത്തെ ഇടവേളക്ക് ശേഷം ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ചൊവ്വാഴ്‌ച മുതൽ തുറന്ന് പ്രവർത്തിക്കും. ശക്‌തമായ കാലവർഷത്തെ തുടർന്നാണ് സൂചിപ്പാറ, ചെമ്പ്രാപീക്ക്, മീൻമുട്ടി, കുറുവ എന്നീ കേന്ദ്രങ്ങൾ അടച്ചിട്ടത്. ഇവ തുറക്കുന്നതോടെ ജില്ലയിലെ ടൂറിസം മേഖലക്ക് വീണ്ടും ഉണർവാകും.
ഈ മാസം 17 മുതലാണ് സൂചിപ്പാറ, ചെമ്പ്രാപീക്ക്, മീൻമുട്ടി, കുറുവ എന്നീ കേന്ദ്രങ്ങൾ അടച്ചത്. തെക്കൻ കേരളത്തിലേതിന് ഭിന്നമായി വടക്കൻ കേരളത്തിൽ മഴ കുറവായിരുന്നു, വയനാട്ടിൽ പ്രത്യേകിച്ചും. എന്നാൽ സംസ്‌ഥാന അടിസ്‌ഥാനത്തിൽ പ്രഖ്യാപനം വന്നതോടെ വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളും പൂട്ടേണ്ടി വന്നു.
കുറുവയിൽ രാവിലെ 9.30 മുതൽ പകൽ 3.30 വരെയാണ് സഞ്ചാരികൾക്ക് പ്രവേശനം. ദിവസം 1150 പേരെയാണ് പ്രവേശിപ്പിക്കുക. 575 പേർക്ക് മാനന്തവാടി ഭാഗത്ത് നിന്നും 575 പേർക്ക് പുൽപ്പള്ളി ഭാഗത്ത് നിന്നുമായിരിക്കും ഉള്ളിലേക്ക് കയറാനുള്ള അനുമതി. ചെമ്പ്രാപീക്കിൽ ദിവസം 200ഉം, സൂചിപ്പാറയിൽ 1200 പേർക്കുമാണ് പ്രവേശനം.
Read Also: പ്ളസ് വൺ പ്രവേശനം; സപ്ളിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു