ബെംഗളൂരു: റോഹ മുതൽ തോക്കൂർ വരെയുള്ള കൊങ്കൺപാതയിൽ വൈദ്യുതീകരണം പൂർത്തിയായതോടെ ഇതുവഴി ഇനി വൈദ്യുതി എഞ്ചിനുകൾ ഘടിപ്പിച്ച വണ്ടികൾ ഓടിത്തുടങ്ങും. മുഴുവൻ പാതയുടെയും സുരക്ഷാ പരിശോധന കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായി. സുരക്ഷാ കമ്മീഷണറുടെ റിപ്പോർട് അടുത്തയാഴ്‌ചയോടെ ലഭിക്കും. അതിനുശേഷം ചരക്കുവണ്ടികളാകും വൈദ്യുത എഞ്ചിനിൽ ആദ്യം ഓടുകയെന്നും കൊങ്കൺ റെയിൽവേ അധികൃതർ അറിയിച്ചു.
മുംബൈ ഭാഗത്ത് റോഹമുതൽ രത്‌നഗിരിവരെയും മംഗളൂരു ഭാഗത്ത് തോക്കൂർമുതൽ കാർവാർവരെയും നേരത്തേത്തന്നെ വൈദ്യുതീകരണം പൂർത്തിയായിരുന്നു. ഈ മേഖലയിൽ ചരക്കുവണ്ടികളും ചില പാസഞ്ചർ വണ്ടികളും വൈദ്യുതി എഞ്ചിനുകളിലാണ് ഓടുന്നത്. രത്‌നഗിരി മുതൽ കാർവാർ വരെയുള്ള 300 കിലോമീറ്റർ പാതയാണ് കഴിഞ്ഞ ദിവസം വൈദ്യുതീകരണം പൂർത്തിയാക്കിയത്.
ഡീസൽ എൻജിനുകളിൽനിന്ന് വൈദ്യുത എഞ്ചിനുകളിലേക്ക് മാറുന്നതോടെ ഇതുവഴിയുള്ള തീവണ്ടികളുടെ വേഗവും വർധിക്കും. എന്നാൽ, അത് പുതിയ സമയക്രമം തയ്യാറാക്കുമ്പോൾമാത്രമേ നടപ്പാക്കുകയുള്ളൂ എന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന. റോഹ മുതൽ തോക്കൂർ വരെയുള്ള 741 കിലോമീറ്റർ പാത വൈദ്യുതീകരിക്കുന്നതിന് ആകെ 1287 കോടി രൂപയാണ് ചെലവായത്.
അഞ്ച് വർഷം കൊണ്ടാണ് ജോലികൾ പൂർത്തിയായത്. വായുമലിനീകരണം ഇല്ലാതാവുമെന്നതാണ് പദ്ധതിയുടെ മറ്റൊരു ഗുണം. തീവണ്ടി, തുരങ്കങ്ങളിലേക്ക് കയറുമ്പോൾ കമ്പാർട്ട്‌മെന്റിൽ പുകശല്യമുണ്ടാകില്ല. 91 തുരങ്കങ്ങളാണ് കൊങ്കൺ പാതയിലുള്ളത്. ഇതിൽ ഏറ്റവും വലുത് രത്‌നഗിരി കർബുഡെക്കടുത്തുള്ള 6.5 കിലോമീറ്റർ നീളമുള്ള തുരങ്കമാണ്.
Read Also: ഐപിഎൽ പതിനഞ്ചാം സീസണിന് ഇന്ന് കൊടിയേറും