പാറ്റ്ന: ബിഹാർ നിയമസഭാ പരിസരത്തു നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി നിതീഷ് കുമാർ. മദ്യകുപ്പികള്‍ കണ്ടെത്തിയതില്‍ പ്രതിപക്ഷം നിയമസഭയില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിരുന്നു. സംസ്‌ഥാനത്ത് സമ്പൂർണ മദ്യ നിരോധനത്തിന് വേണ്ടി ഭരണകക്ഷിയായ എൻഡിഎ എംഎൽഎമാർ ആവശ്യം ഉന്നയിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് നിയമസഭാ പരിസരത്ത് ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തിയത്.
വിഷയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടിരുന്നു. മദ്യക്കുപ്പികൾ കണ്ടെത്തിയത് ഗൗരവകരമായ സംഭവമാണെന്ന് തേജസ്വി യാദവ് പറഞ്ഞു. സംസ്‌ഥാനത്ത് ഉടനീളം മദ്യക്കുപ്പികളാണ്. മദ്യത്തിന് പൂർണമായും നിരോധനം ഏർപ്പെടുത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത് എന്നും യാദവ് പറഞ്ഞു.
“മദ്യ നിരോധനത്തിൽ സർക്കാരിന് ആത്‌മാർഥത ഇല്ലെന്നും ഇപ്പോൾ നടക്കുന്നത് കണ്ണിൽ പൊടിയിടലാണ്. മദ്യം വാങ്ങുന്നവരെ പിടികൂടുന്ന പോലീസ് ഇതിന്റെ വിൽപ്പനക്കാരായ മദ്യ മാഫിയകളെ തൊടുന്നില്ല. പാവപ്പെട്ട ഗ്രാമീണരാണ് അറസ്‌റ്റിലാകുകയോ വ്യാജമദ്യം കഴിച്ച് മരിക്കുകയോ ചെയ്യുന്നത്”- തേജസ്വി പറഞ്ഞു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നിന്ന് 100 മീറ്റര്‍ ദൂരമേയുള്ളൂ കണ്ടെത്തിയ സ്‌ഥലത്തേക്ക് എന്നും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം പടിഞ്ഞാറന്‍ ചമ്പാരന്‍, ഗോപാല്‍ഗഞ്ച്, മുസാഫര്‍പൂര്‍, സമസ്‌തിപൂര്‍ ജില്ലകളിലായി 40തിലധികം പേര്‍ വ്യാജമദ്യം കഴിച്ച് മരിച്ചിരുന്നു. ഇതേതുടര്‍ന്ന് നിതീഷ് കുമാര്‍ നടത്തിയ അവലോകന യോഗത്തില്‍ മദ്യ നിരോധനം നടപ്പാക്കുന്നതില്‍ അലംഭാവം കാണിക്കുന്നതായി കണ്ടെത്തിയാല്‍ പോലീസ് ഉദ്യോഗസ്‌ഥര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തിരുന്നു.
Read also: മാപ്പ് പറയാൻ ഞങ്ങൾ സവർക്കറല്ല; ബിനോയ് വിശ്വം എംപി