‘കണ്ണിലെ കൃഷ്‌ണമണി പോലെ നോക്കാം’ എന്നൊക്കെ നമ്മൾ പല സാഹചര്യങ്ങളിലും പലരോടായി പറയാറുണ്ട്. അതിന്റെ അർഥം അത്രയേറെ കരുതലോടെയും പരിചരണത്തോടെയും നോക്കാം എന്നാണ്. അപ്പോൾ കണ്ണുകൾ വളരെയധികം ശ്രദ്ധയോടെ നോക്കേണ്ട ഒന്നാണെന്ന് നമുക്ക് അറിയാം. എന്നാൽ, പലപ്പോഴും നമ്മൾ അത് മനഃപൂർവം മറക്കാറുണ്ട്. അതുകൊണ്ടാണ് കണ്ണിനുണ്ടാകുന്ന അസ്വസ്‌ഥതകളുടെ കാരണങ്ങൾ പലപ്പോഴും ആദ്യഘട്ടത്തിൽ നമ്മള്‍ തിരിച്ചറിയാതെ പോകുന്നത്. അസ്വസ്‌ഥതകൾ വര്‍ധിച്ച് കാര്യങ്ങൾ ഗുരുതരമാകുമ്പോഴാണ് പലരും ഡോക്‌ടറുടെ സേവനം തേടാറ്.
മഴക്കാലം, ചൂടുകാലം എന്ന വ്യത്യാസമില്ലാതെ എല്ലായ്‌പ്പോഴും ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു അസുഖമാണ് ‘കൺകുരു’. കണ്‍പോളയിലെ ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അണുബാധയെയാണ് നമ്മള്‍ കണ്‍കുരു എന്നു വിളിക്കുന്നത്. സാധാരണയായി കണ്‍പോളയില്‍ കണ്‍പീലിയോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ നിന്നുള്ള വേദനയോട് കൂടിയ കുരുക്കളും കണ്‍പീലിയില്‍ നിന്നും അകന്ന് കാണുന്ന വേദനരഹിതമായ കുരുക്കളുമാണ് കാണാറുള്ളത്. ഇവ രണ്ടും നേത്രഗോളത്തിനു ക്ഷതമേല്‍പ്പിക്കുന്ന തരത്തില്‍ അപകടകരമല്ലാത്തവയാണ്.
കൺകുരു ഉണ്ടാവാനുള്ള കാരണം;
കുരുവുണ്ടാകാൻ പല കാരണങ്ങളുണ്ടാകാം. സ്‌ഥിരമായി കണ്ണട ഉപയോഗിക്കേണ്ടവര്‍ കണ്ണട വെക്കാതിരുന്നാലും തലയിലെ താരനും, പ്രമേഹം നിയന്ത്രിക്കാത്തതുമെല്ലാം കൺകുരുവിന് കാരണമാകാറുണ്ട്. എങ്കിലും പ്രധാനമായും കണ്‍പോളകള്‍ക്ക് ഉണ്ടാവുന്ന അണുബാധ, കണ്ണിലെ എണ്ണ ഗ്രന്ഥികള്‍ക്ക് സ്‌റ്റാഫിലോകോക്കസ് അണുബാധ ഉണ്ടാവുന്നത് എന്നിവയാണ് കണ്‍കുരുവിന്റെ പ്രധാന കാരണങ്ങള്‍.
ലക്ഷണങ്ങൾ;
- കണ്‍പോളകളുടെ അറ്റത്ത് ചുവന്ന നിറത്തിലുള്ളതും വേദനയുള്ളതുമായ വീക്കം.
- സ്രവം, കണ്ണുനീർ ഒലിക്കുക.
- കണ്‍പോളകള്‍ക്ക് വേദന.
- ചൊറിച്ചില്‍.
ശ്രദ്ധിക്കേണ്ടതെന്തൊക്കെ?
- യാതൊരു കാരണവശാലും കുരു ഞെക്കി പൊട്ടിക്കാന്‍ പാടുള്ളതല്ല. അതിനെ തന്നെത്താന്‍ പൊട്ടിയൊലിക്കാന്‍ അനുവദിക്കുക. കുരു പൊട്ടുന്നത് അണുബാധ ഉണ്ടാക്കാനും അത് പിന്നീട് വ്യാപിക്കാനും ഇടയാക്കും.
- ഇടക്കിടെ കുരു തൊട്ടുനോക്കുന്നതും ഒഴിവാക്കുക. കൈ കൊണ്ട് കണ്ണു തിരുമ്മുകയും മറ്റും ചെയ്യുന്നത് കഴിയുന്നതും ഒഴിവാക്കണം.
- ചൂട് പിടിക്കുക. ചൂട് വെള്ളത്തില്‍ മുക്കി പിഴിഞ്ഞ തുണി കൊണ്ട് കണ്‍കുരുവിന് മുകളില്‍ 10 മിനിറ്റോളം പതിയെ വെക്കുക. ദിവസവും 4 തവണയെങ്കിലും ഇങ്ങനെ ചെയ്യണം.
- ഇതോടൊപ്പം ആന്റിബയോട്ടിക്ക് തുള്ളിമരുന്നുകള്‍ ഒഴിക്കേണ്ടതായും ആന്റിബയോട്ടിക്ക് ഓയിന്റ്‌മെന്റുകള്‍ പുരട്ടേണ്ടതായും വരും. നല്ല വേദനയുണ്ടെങ്കില്‍ നീര്‍ക്കെട്ടിനും വേദനക്കും എതിരെ പ്രവര്‍ത്തിക്കുന്ന ഗുളികകളും കഴിക്കാം.
- ചിലപ്പോള്‍ കുരു വലുതാവുകയും ചുവപ്പ് നിറത്തോട് കൂടി കണ്ണ് വേദനിക്കുകയും ചെയ്‌താൽ ചെറുതായി കീറി പഴുപ്പ് പുറത്തേക്ക് ഒഴുക്കേണ്ടി വരാം. അതിന് നേത്രരോഗവിദഗ്‌ധനെ സമീപിച്ച് ചികിൽസ തേടേണ്ടതാണ്.
- പ്രായമായവരിലെയും രോഗപ്രതിരോധശേഷി കുറഞ്ഞവരിലെയും ദീര്‍ഘകാലമായുള്ള കണ്‍കുരുവിന് ഉടന്‍ തുടര്‍പരിശോധനയും ചികിൽസയും നല്‍കേണ്ടതാണ്.
കണ്‍കുരു എങ്ങനെ തടയാം?
- കണ്ണിലെ അണുബാധകള്‍ ഒഴിവാക്കുന്നതാണ് കണ്‍കുരുവിനെ പ്രതിരോധിക്കുന്നതിനുള്ള പ്രധാനമാര്‍ഗം.
- വിട്ടു മാറാത്ത താരന്‍ മൂലം ഇടക്കിടെ കണ്‍കുരു വരുന്നവര്‍ കണ്‍പോളകളുടെ കാര്യത്തില്‍ ശുചിത്വം പാലിക്കുക. ബേബി ഷാംപൂ പതപ്പിച്ച് അതില്‍ മുക്കിയ ബഡ്‌സ് ഉപയോഗിച്ച് ദിവസവും കണ്‍പീലിയുടെ മാര്‍ജിന്‍ (Blepharitis) വൃത്തിയാക്കുക.
- കണ്‍കുരുവിന്റെ തുടക്കമായി ഫീല്‍ ചെയ്യുന്നത് കണ്‍പോളയില്‍ നിന്നുള്ള സൂചിമുന വേദനയാണ്. അപ്പോള്‍ മുതല്‍ക്കേ ചൂട് വെക്കുന്നത് കുരുവിന്റെ പിന്നീടുള്ള വളര്‍ച്ചക്ക് തടയിടുകയും ചെയ്യും.
- പഴയ സൗന്ദര്യവര്‍ധക സാമഗ്രികള്‍ ഉപയോഗിക്കാതിരിക്കുക, നിങ്ങളുടെ സൗന്ദര്യവര്‍ധക സാമഗ്രികള്‍ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക.
- രാത്രിയിലുടനീളം കണ്ണുകള്‍ക്കുള്ള മേക്കപ്പ് ധരിക്കുന്നത് ഒഴിവാക്കുക.
- കോണ്ടാക്‌ട് ലെന്‍സുകള്‍ അണുനാശനം നടത്തിയ ശേഷം ഉപയോഗിക്കുക. കൈകള്‍ വൃത്തിയാക്കിയ ശേഷം വേണം കോണ്ടാക്‌ട് ലെന്‍സുകളില്‍ സ്‌പർശിക്കേണ്ടത്.
Most Read: മഴയെത്തി; വസ്‌ത്രങ്ങൾ ഇനി സിംപിളാക്കാം