കുംഭമേളയ്‌ക്കിടെ വ്യാജ കോവിഡ് പരിശോധന; എഫ്‌ഐആറിനെതിരെ കരാർ കമ്പനി കോടതിയിൽ

By News Desk, Malabar News

ഡെറാഡൂൺ: ഹരിദ്വാറിൽ നടന്ന മഹാ കുംഭമേളയ്‌ക്കിടെ ഒരു ലക്ഷത്തോളം വ്യാജ കോവിഡ് പരിശോധന നടന്നുവെന്ന് ആരോപിച്ച് രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിനെ ചോദ്യം ചെയ്‌ത്‌ മാക്‌സ്‌ കോർപറേറ്റ് സർവീസസ് ഉത്തരാഖണ്ഡ് കോടതിയെ സമീപിച്ചു. ലാബുകൾ വഴി കോവിഡ് ടെസ്‌റ്റ് നടത്താൻ സർക്കാർ കരാർ നൽകിയ കമ്പനിയാണ് മാക്‌സ്‌ കോർപറേറ്റ് സർവീസസ്.

കുംഭമേളയ്‌ക്കിടെ നടന്ന വ്യാജ കോവിഡ് പരിശോധനയിൽ തങ്ങൾക്ക് പങ്കില്ലെന്ന് കമ്പനിയുടെ അഭിഭാഷകൻ കാർത്തികേയ ഹരി ഗുപ്‌ത കോടതിയിൽ വാദിച്ചു. ഹരിദ്വാറിൽ കോവിഡ് പരിശോധന നടത്താൻ ഐസി‌എം‌ആർ അംഗീകൃത ലബോറട്ടറികളായ നാൽവ ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ്, ഡോ. ലാൽ ചന്ദാനി ലാബ്‌സ്‌ ലിമിറ്റഡ് എന്നിവയുമായി കമ്പനി കരാർ ഒപ്പിട്ടിരുന്നു. എന്നാൽ, മാക്‌സ്‌ കോർപറേറ്റ് ഒരു സേവനദാതാവ് മാത്രമായിരുന്നു, കോവിഡ് പരിശോധനകളുമായോ റിപ്പോർട്ടുകളുമായോ തങ്ങൾക്ക് നേരിട്ട് ബന്ധമില്ലെന്ന് അഭിഭാഷകൻ കോടതിയിൽ നൽകിയ ഹരജിയിൽ വ്യക്‌തമാക്കി.

വ്യാജ പരിശോധന നടന്നിട്ടുണ്ടെങ്കിൽ കമ്പനിക്ക് അതുമായി യാതൊരു ബന്ധമില്ലെന്നും അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

‘സർക്കാരിൽ നിന്ന് ലഭിച്ച വർക്ക് ഓർഡർ അനുസരിച്ച് ഈ രണ്ട് ലാബുകളിലൂടെയുള്ള കോവിഡ് പരിശോധനക്ക് സൗകര്യം ഒരുക്കി നൽകുക മാത്രമാണ് കമ്പനി ചെയ്‌തത്‌. എല്ലാ സാമ്പിൾ ശേഖരണവും ഡേറ്റാ ശേഖരണവും കേന്ദ്ര ആരോഗ്യ മന്ത്രാലയ അധികാരികളുടെ അറിവിലും മേൽനോട്ടത്തിലുമാണ് നടന്നത്.’

‘പോലീസിന്റെ നിർബന്ധിത നടപടികളിൽ നിന്ന് കമ്പനിയെ സംരക്ഷിക്കണമെന്ന് കോടതിയോട് അഭ്യർഥിച്ചിട്ടുണ്ട്. ഗവൺമെന്റിന് അന്വേഷണം നടത്തണമെങ്കിൽ അതിനോടും കമ്പനി സഹകരിക്കും. കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. നേരത്തെ തന്നെ പരിഗണിക്കുമെന്നാണ് പ്രതീക്ഷ’- മാക്‌സ്‌ കോർപറേറ്റ് വൃത്തങ്ങൾ പറഞ്ഞു.

കുംഭമേളയ്‌ക്കിടെ ഒരു ലക്ഷത്തോളം വ്യാജ കോവിഡ് ടെസ്‌റ്റുകൾ നടത്തിയ രണ്ട് ലാബുകളുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചുവെന്ന് ആരോപിച്ച് വ്യാഴാഴ്‌ചയാണ് ഉത്തരാഖണ്ഡ് പോലീസ് മാക്‌സ്‌ കോർപറേറ്റിനെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്‌.

Also Read: ഗംഗയിലെ മൃതദേഹങ്ങളെ കുറിച്ചുള്ള കവിത; വിമർശനവുമായി ഗുജറാത്ത്‌ സാഹിത്യ അക്കാദമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE