കണ്ണൂർ: വേനൽക്കാലത്ത് പൊടിയും മഴക്കാലത്ത് ചെളിയും ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്ന കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ സിമന്റു കട്ടകൾ പാകുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 72 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടെ കാലങ്ങളായി അനുഭവിച്ചു വരുന്ന പ്രയാസങ്ങൾക്ക് ഒരു പരിഹാരം ആകുമെന്ന ആശ്വാസത്തിലാണ് യാത്രക്കാരും കെഎസ്ആർടിസി ജീവനക്കാരും.
കണ്ണൂർ കോർപ്പറേഷന്റെ ചുമതലയിൽ പിണറായി ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്. ഒരുമാസത്തോളമായി പണി ആരംഭിച്ചിട്ട്. ഒരാഴ്‌ചകൊണ്ട് പ്രവൃത്തി പൂർത്തിയാകും എന്നാണ് കരുതുന്നത്. കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിലെത്തുന്ന യാത്രക്കാർക്ക് മൂക്കും വായും പൊത്താതെ വയ്യാത്ത അവസ്‌ഥയായിരുന്നു.
പൊടി പാറ്റിയായിരുന്നു ഓരോ ബസും ഡിപ്പോയിലേക്ക് കയറിവന്നിരുന്നത്. യാർഡിൽ മാത്രമല്ല, ഡിപ്പോയിലേക്കുള്ള പ്രവേശനകവാടത്തിലും ബസുകൾ പുറത്തേക്കു പോകുന്ന ഭാഗത്തുമെല്ലാം പൊടിശല്യമായിരുന്നു. യാത്രക്കാരും ജീവനക്കാരും ഒരുപോലെ ബുദ്ധിമുട്ടുകയായിരുന്നു. മഴക്കാലത്താണെങ്കിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതും പരിസരത്താകെ ചെളി നിറയുന്നതുമായിരുന്നു പ്രശ്‌നം. ജീവനക്കാർക്ക് വേനൽക്കാലമായാൽ തുമ്മലും ചിലർക്ക് അലർജിയും പതിവായിരുന്നു.
ഉച്ചസമയങ്ങളിൽ പൊടിശല്യം പരിഹരിക്കാൻ ജീവനക്കാർ വെള്ളം പമ്പു ചെയ്‌തായിരുന്നു ആശ്വാസം കണ്ടെത്തിയിരുന്നത്. ഡിപ്പോയിൽ നിർത്തിയിട്ട ബസുകളടക്കം പൊടിയിൽ കുളിച്ച അവസ്‌ഥയിലായിരുന്നു. ഈ പ്രശ്‌നങ്ങൾക്കാണ് ഇപ്പോൾ ഒരു പരിഹാരം ആവുന്നത്.
Most Read: വയനാട് ഡിസിസി പ്രസിഡണ്ട് ഇന്ന് ചുമതലയേൽക്കും