ജയ്‌പൂർ: രാജസ്‌ഥാനിലെ ജയ്‌സാൽമീർ ജില്ലയിലെ ഥാർ മരുഭൂമിയിൽ നിന്ന് ഗവേഷകർ മൂന്ന് ദിനോസറുകളുടെ കാലടിപ്പാടുകൾ കണ്ടെത്തി. മെസോസോയിക് കാലഘട്ടത്തിൽ തേത്തിസ് സമുദ്രത്തിന്റെ തീരപ്രദേശമായിരുന്നു രാജസ്‌ഥാനെന്നും, ഈ പ്രദേശത്ത് അന്ന് ദിനോസറുകൾ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന കാലടിപ്പാടുകളെന്നും ഗവേഷകർ അറിയിച്ചു.
അക്കാലത്ത് സമുദ്ര തീരത്തടിഞ്ഞ എക്കൽ മണ്ണ് പിന്നീട് കാലാന്തരത്തിൽ പാറയായി ഘനീഭവിച്ചു പോയതിന്റെ മുകളിലാണ് ഈ പാടുകൾ കണ്ടെത്തപ്പെട്ടിട്ടുള്ളത്. യൂബ്രോണ്ടിസ് ജൈജാന്റസ്, യൂബ്രോണ്ടിസ് ഗ്ളെൻറോ സെൻസിസ്, ഗ്രാലേറ്റർ ടെനുവിസ് എന്നീ മൂന്നിനം ദിനോസറുകളുടെ കാലാടിപ്പാടുകളാണ് ഇപ്പോൾ കണ്ടെത്തപ്പെട്ടിട്ടുള്ളത്.
പാലിയെന്റോളജി ടീമിന്റെ തലവനും, ജോധ്പുരിലെ ജയ് നാരായൺ വ്യാസ് സർവകലാശാലയിലെ അസിസ്‌റ്റന്റ് പ്രൊഫസറുമായ വിരേന്ദ്ര പ്രതാപ് പരിഹാറിന്റെ നേതൃത്വത്തിലാണ് പര്യവേഷണം നടന്നത്. ആദ്യത്തെ രണ്ടിനം ദിനോസറുകളുടെയും കാലടികൾക്ക് 35 സെന്റിമീറ്റർ വലുപ്പം ഉണ്ടായിരുന്നെങ്കിലും, മൂന്നാമത്തേതിന് 5.5 സെന്റിമീറ്റർ മാത്രമേ വലിപ്പമുള്ളൂ.
ജുറാസിക് യുഗത്തിൽ ജീവിച്ചിരുന്ന ഈ മൂന്നു ദിനോസറുകളും മാംസഭുക്കുകൾ ആയിരുന്നെന്ന് പ്രൊഫസർ പരിഹാർ വ്യക്‌തമാക്കി. യൂബ്രോണ്ടിസ് ഇനത്തിൽ പെട്ട ദിനോസറുകൾക്ക് 12 മുതൽ 15 വരെ മീറ്റർ നീളവും 500-700 കിലോ ഭാരവുമുണ്ടായിരുന്നു. എന്നാൽ ഗ്രാലേറ്ററുകൾക്ക് രണ്ടു മീറ്റർ ഉയരവും മൂന്നു മീറ്ററോളം നീളവും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഗവേഷകർ പറയുന്നു.

ജയ്‌സാൽമീർ ജില്ലയിൽ ഇതുവരെ കണ്ടെത്തപ്പെട്ടിട്ടില്ലാത്ത സമാനമായ കാലടിപ്പാടുകൾ ഇനിയുമുണ്ടാവാമെന്നും, അവയ്‌ക്കായി ഇനിയും ഗവേഷണം തുടരുമെന്നും പ്രൊഫ. പരിഹാർ പറഞ്ഞു. അധികം വൈകാതെ തന്നെ ദിനോസറുകളുടെ ഫോസിലുകളും മേഖലയിൽ നിന്ന് കണ്ടെത്താനാവുമെന്ന പ്രതീക്ഷ തനിക്കും സംഘത്തിനുമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Read Also: ‘ആപ്പിൾട്രീ സിനിമാസ്’ തുടക്കമായി; ‘ഗ്യാങ്സ് ഓഫ് ഫൂലാൻ’ ചിത്രം പ്രഖ്യാപിച്ചു