ന്യൂഡെൽഹി: ഹരിയാനയിലെ കർണാലിൽ സംസ്‌ഥാന സർക്കാറിനെതിരെ കർഷകർ നയിക്കുന്ന പ്രതിഷേധ സമരം തുടരുന്നു. കർണാലിലെ മിനി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്‌ചിതകാല ധർണയിരിക്കുന്ന കർഷകർ സർക്കാരിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ചു. നിലവിൽ സമരത്തിൽ പങ്കെടുക്കുന്നതിനായി യുപി, പഞ്ചാബ് എന്നീ സംസ്‌ഥാനങ്ങളിൽ നിന്നും കൂടുതൽ കർഷകർ കർണാലിലേക്ക് എത്തുകയാണ്.
കഴിഞ്ഞ മാസം കർഷകൻ സുശീൽ കാജലിന്റെ മരണത്തിനു വഴിവച്ച പോലീസ് ലാത്തിച്ചാർജിന് ഉത്തരവിട്ട സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആയുഷ് സിൻഹയെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ് കർഷകർ വ്യക്‌തമാക്കുന്നത്. അതേസമയം ലാത്തി ചാർജിനെക്കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ തയ്യാറാണെന്ന് ആഭ്യന്തര മന്ത്രി അനിൽ വിജ് അറിയിച്ചു.
എന്നാൽ കർഷകരുടെ തലയടിച്ചു പൊളിക്കുന്നതിനായി ആയുഷ് പോലീസിന് നിർദ്ദേശം നൽകുന്നത് വീഡിയോകളിൽ നിന്നും വ്യക്‌തമാണെന്നും, അക്കാര്യത്തിൽ കൂടുതൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കർഷകർ പ്രതികരിച്ചു. കൂടാതെ മരണപ്പെട്ട സുശീലിന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകാമെന്ന സർക്കാർ വാഗ്‌ദാനം കർഷകർ തള്ളുകയും, പണം തങ്ങൾക്ക് കണ്ടെത്താൻ സാധിക്കുമെന്ന് വ്യക്‌തമാക്കുകയും ചെയ്‌തു.
Read also: പലസ്‌തീൻ തടവുപുള്ളികൾക്ക് ഐക്യദാര്‍ഢ്യം; റാലിക്ക് നേരെ ആക്രമണം