മലപ്പുറം: നാല് വയസുകാരിയായ മകളെ കൊണ്ട് വ്യാജ പീഡന പരാതി നൽകിയ പിതാവിനെതിരെ കേസെടുക്കാൻ ഉത്തരവ്. മലപ്പുറം വഴിക്കടവിലാണ് ഭാര്യാ സഹോദരനെ പോക്‌സോ കേസിൽ കുടുക്കാൻ അച്‌ഛൻ മകളെ കൊണ്ട് വ്യാജ പരാതി നൽകിപ്പിച്ചത്. സംഭവത്തിൽ പിതാവിനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുക്കാൻ സിഡബ്‌ളുസി പോലീസിന് നിർദ്ദേശം നൽകി.
ഭാര്യയുടെ വീട്ടിൽ വെച്ച് ഭാര്യാ സഹോദരൻ നാല് വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വഴിക്കടവ് സ്വദേശിയായ യുവാവ് കഴിഞ്ഞ മാസമാണ് പോലീസിൽ പരാതി നൽകിയത്. കുട്ടിയെ ജനുവരി 24ന് സിഡബ്‌ളുസിക്ക് മുമ്പാകെ ഹാജരാക്കിയപ്പോൾ അച്‌ഛൻ പറഞ്ഞത് പ്രകാരമാണ് അമ്മാവനെതിരെ മൊഴി നൽകിയതെന്ന് കുട്ടി പറഞ്ഞു. പിന്നാലെ മജിസ്‌ട്രേറ്റിന് മുന്നിലും കുട്ടി ഈ മൊഴി ആവർത്തിച്ചു.
അച്‌ഛൻ മിഠായിയും കളിപ്പാട്ടങ്ങളും വാങ്ങി തരാമെന്ന് പറഞ്ഞത് കൊണ്ടാണ് അമ്മാവനെതിരെ കളവായി മൊഴി നൽകിയതെന്നും കുട്ടി പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുടുംബ തർക്കത്തെ തുടർന്നാണ് ഭാര്യാ സഹോദരനെ കേസിൽ കുടുക്കാൻ യുവാവ് ശ്രമിച്ചതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. വ്യാജ പരാതി നൽകിയതിൽ അന്വേഷണം നടക്കുകയാണെന്നും വൈകാതെ കുട്ടിയുടെ പിതാവിനെതിരെ കേസ് എടുക്കുമെന്നും വഴിക്കടവ് പോലീസ് അറിയിച്ചു.
Most Read: മെയ്‌ക് ഇന്‍ ഇന്ത്യ പ്രഹസനം മാത്രം; വിമർശിച്ച് അധിര്‍ രഞ്‌ജന്‍ ചൗധരി