ദുബായ്: സമൂഹ മാദ്ധ്യമങ്ങൾ വഴി ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടുന്ന സംഘങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അത്തരക്കാരെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി യുഎഇ അധികൃതർ. ഇവർ നൽകുന്ന രേഖകൾ അംഗീകാരമുള്ളവ ആണോയെന്ന കാര്യത്തിൽ ആദ്യം തന്നെ ഉറപ്പ് വരുത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
സാധാരണയായി യുഎഇ നിയമപ്രകാരം വിസ ചിലവുകൾ വഹിക്കുന്നത് സ്‌പോൺസർമാരാണ്. അംഗീകൃത കമ്പനികളുടെയും സർക്കാർ കാര്യാലയങ്ങളുടെയും പേരിൽ വ്യാജ റിക്രൂട്ടിങ് സംഘങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
വ്യാജ ജോലി വാഗ്‌ദാനമല്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി നിയമനം ആഗ്രഹിക്കുന്ന സ്‌ഥാപനങ്ങൾ നിലവിൽ പ്രവർത്തിക്കുന്നവ ആണോ എന്ന് ഉറപ്പാക്കണം. ഇതിനായി സ്‌ഥാനപതി കാര്യാലയങ്ങളുടെ സഹായം തേടാവുന്നതാണ്. കൂടാതെ തൊഴിൽ ഓഫർ ലെറ്റർ മന്ത്രാലയത്തിന്റെ മുദ്രയുള്ള രേഖകളിലാണെന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്. ഒപ്പം വിസ യഥാർഥമാണോ എന്ന് പരിശോധിക്കുന്നതിനായി വിവിധ എമിറേറ്റുകളിലെ എമിഗ്രേഷൻ കാര്യാലയങ്ങളിൽ നിന്നും ഫെഡറൽ എമിഗ്രേഷൻ അതോറിറ്റിയുടെ ഇ-ചാനലുകളിൽ നിന്നും വിവരങ്ങൾ ലഭിക്കുന്നതാണ്.
Read also: ഒൻപത് മാസം പ്രായമുള്ള കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധം; നിർദ്ദേശങ്ങൾ പുതുക്കി