ലിംഗ സമത്വ കേന്ദ്രമായി ജെൻഡർ പാർക്ക് മാറുമെന്ന് ആരോഗ്യമന്ത്രി; ഉൽഘാടനം ഫെബ്രുവരി 11ന്

By News Desk, Malabar News
Gender park inaguration
Representational Image
Ajwa Travels

കോഴിക്കോട്: സൗത്ത് ഏഷ്യയിലെ ലിംഗ സമത്വത്തിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാ സംവിധാനങ്ങളുടെയും ഹബ്ബായി ജെൻഡർ പാർക്ക് മാറുമെന്ന് ആരോഗ്യമന്ത്രി കെ. കെ.ശൈലജ. ഐക്യരാഷ്‌ട്ര സഭയുടെ ഭാഗമായ യുഎൻ വുമൺ ജെൻഡർ പാർക്കുമായി സഹകരിക്കാനുള്ള ധാരണാപത്രം ഒപ്പിട്ടതുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.

കോഴിക്കോട് മലാപറമ്പിലുള്ള ജെൻഡർ മ്യൂസിയം, ലൈബ്രറി കൺവെൻഷൻ സെന്റർ, ആംഫി തിയേറ്റർ എന്നിവയുടെ സമർപ്പണം ഫെബ്രുവരി 11ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ഒപ്പം വനിതാ സംരംഭകർക്ക് സുരക്ഷിതവും സുസ്‌ഥിരവുമായ അന്തരീക്ഷം സൃഷ്‌ടിക്കാനും വിപണന സ്‌ഥലം ലഭ്യമാക്കാനും ഉദ്ദേശിച്ചുള്ള ഇന്റർനാഷണൽ വുമൺസ് ട്രേഡ് സെന്ററിന്റെ (ഐഡബ്ള്യുടിസി ) ശിലാസ്‌ഥാപനവും ചടങ്ങിൽ നടക്കും.

300 കോടി രൂപയുടെ ‘ജെന്‍ഡര്‍ പാര്‍ക്ക്’ മൂന്ന് ടവറുകള്‍ ഉള്‍ക്കൊള്ളും. അതിന്റെ നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌റ്റ് കോപ്പറേറ്റീവ് സൊസൈറ്റി നിര്‍വഹിക്കും. ജെന്‍ഡര്‍ പാര്‍ക്കിനായി ഇതിനകം 26 കോടി രൂപയും അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 15 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 172 കോടി രൂപയുടെ ഭരണാനുമതിയും സര്‍ക്കാര്‍ അംഗീകരിച്ചു.

അന്ന് തന്നെ ലിംഗസമത്വവും സ്‌ത്രീ ശാക്‌തീകരണവും ലക്ഷ്യമിട്ട് ജെൻഡർ പാർക്ക് സംഘടിപ്പിക്കുന്ന രണ്ടാം അന്താരാഷ്‌ട്ര സമ്മേളനത്തിനും (ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ജെൻഡർ ഇക്വാളിറ്റി -2) തുടക്കമാകും. ‘സുസ്‌ഥിര സംരംഭത്തിലും സാമൂഹ്യ വ്യാപാരത്തിലും ലിംഗസമത്വം: ശാക്‌തീകരണത്തിന് മധ്യസ്‌ഥത’ എന്ന വിഷയത്തെ ആസ്‌പദമാക്കി ഫെബ്രുവരി 11 മുതൽ 13 വരെയാണ് യുഎൻ വുമണിന്റെ പങ്കാളിത്തത്തോടെ സമ്മേളനം നടത്തുന്നത്.

സമ്മേളനത്തിൽ ഒൻപത് പ്‌ളീനറി സെഷനുകളും ഒൻപത് പാരലൽ സെഷനുകളുമായി ആഗോള പ്രശസ്‌തരായ വിദഗ്‌ധരും ദേശീയ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട നൂറോളം പ്രതിനിധികളും പങ്കെടുക്കും. ലോകമെമ്പാടും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങളിലൂടെയും സംഘടനകളിലൂടെയും സമ്മേളനം തൽസമയം സംപ്രേഷണം ചെയ്യും. കൂടാതെ നിരവധി വിദേശ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും പങ്കെടുക്കും.

Also Read: യുപി തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം വേണ്ട; ഒറ്റക്ക് മൽസരിക്കുമെന്ന് ജെഡിയു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE