സാങ്കേതിക രംഗം ആഗോളതലത്തിൽ നേരിടുന്ന സെമി കണ്ടക്‌ടർ ക്ഷാമം കാർ നിർമാണം ഉൾപ്പടെയുള്ള നിരവധി മേഖലകളിലാണ് പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്നത്. ഇത്രയും നാൾ സ്‌മാർട് ഫോൺ വിപണി പിടിച്ചുനിന്നെങ്കിലും താമസിയാതെ സ്‌ഥിതി വഷളാകുമെന്നാണ് കൗണ്ടർ പോയിന്റ് റിസർച്ചിന്റെ റിപ്പോർട്.
കോവിഡ് വ്യാപനം ആരംഭിച്ച 2020 അവസാനത്തോടെയാണ് ലോകവ്യാപകമായി സെമി കണ്ടക്‌ടറുകൾക്ക് ക്ഷാമം നേരിട്ടത്. നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ സ്വീകരിച്ചതിനാൽ ആപ്‌ളിക്കേഷൻ പ്രൊസസറുകൾ, ക്യാമറ സെൻസറുകൾ പോലുള്ളവ സംഭരിച്ചുവെക്കാൻ നിർമാതാക്കൾക്ക് സാധിച്ചു. എന്നാൽ ശേഖരിച്ചുവെച്ച അനുബന്ധ ഘടകങ്ങൾ തീർന്നുകൊണ്ടിരിക്കുകയാണ്. ആവശ്യത്തിന് സ്‌റ്റോക്ക് എത്താത്തതും സ്‌മാർട് ഫോൺ നിർമാണ രംഗത്തെയും ചിപ്പ് ക്ഷാമത്തിന്റെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്.
സാംസങ്, ഓപ്പോ, ഷവോമി എന്നിവ ഉൾപ്പടെ എല്ലാ ബ്രാൻഡുകളെയും സെമി കണ്ടക്‌ടർ ക്ഷാമം ബാധിച്ചേക്കുമെന്നാണ് കൗണ്ടർ പോയിന്റ് റിസർച്ച് ഡയറക്‌ടർ ടോം കാങ് പറയുന്നത്. എന്നാൽ, മറ്റ് കമ്പനികളെ അപേക്ഷിച്ച് ഈ സങ്കീർണത നേരിടാൻ ആപ്പിളിന് ഒരു പരിധിവരെ സാധിച്ചേക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
പ്രതിസന്ധി രൂക്ഷമായാൽ ചില സ്‌മാർട് ഫോണുകളിൽ മാത്രമായി കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. മറ്റ് സ്‌മാർട് ഫോണുകൾ പുറത്തിറക്കുന്നത് നിർത്തിവെക്കേണ്ടതായും വന്നേക്കും. എന്തായാലും കോവിഡ് നിയന്ത്രണങ്ങൾ ഒഴിഞ്ഞതോടെ സ്‌മാർട് ഫോൺ വിതരണത്തിൽ ഉണ്ടായ വർധനവ് അധികനാൾ നീണ്ടുനിൽക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Also Read: ആഡംബര കപ്പലിലെ ലഹരിപ്പാർടി; ആര്യൻ ഖാനെ എൻസിബി ചോദ്യം ചെയ്യുന്നു