കൊച്ചി: ദീപാവലി ദിവസമായ ഇന്നും സ്വർണവിലയിൽ ആശ്വാസമില്ല. വിലക്കുതിപ്പ് തുടരുകയാണ്. കേരളത്തിൽ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തി. ഗ്രാമിന് 7,455 രൂപയും പവന് 59,640 രൂപയുമാണ് ഇന്നത്തെ വില.
60,000 രൂപയെന്ന സംഖ്യയിലേക്ക് എത്താൻ ഇനി വെറും 360 രൂപ കൂടി വർധിച്ചാൽ മതി. ഇങ്ങനെ പോയാൽ രണ്ടുദിവസത്തിനകം പവന്റെ വില 60,000 കടക്കും. ജിഎസ്‌ടിയും (3%) ഹോൾമാർക്ക് ഫീസും (53.10 രൂപ) പണിക്കൂലിയും (5% കണക്കാക്കിയാൽ) 64,555 രൂപ കൊടുത്താലേ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാനാകൂ. ഒരു ഗ്രാം ആഭരണത്തിന് 8069 രൂപ നൽകണം.
18 കാരറ്റ് സ്വർണവിലയും ഗ്രാമിന് പത്ത് രൂപ ഉയർന്ന് 6140 രൂപയായി. രാജ്യാന്തര വില ഇന്നലെ രേഖപ്പെടുത്തിയ ഔൺസിന് 2781 ഡോളർ എന്ന റെക്കോർഡ് ഇന്ന് 2789.87 ഡോളറായി പുതുക്കി. ഇത് കേരളത്തിലും വില കൂടാനിടയായി. യുഎസിലെ പണപ്പെരുപ്പക്കണക്കുകൾ ഉടൻ പുറത്തുവരാനിരിക്കെയാണ് സ്വർണവില മുന്നേറുന്നത്.
പണപ്പെരുപ്പം ആശ്വാസനിരക്കിൽ ആണെങ്കിൽ കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വീണ്ടും താഴ്‌ത്താനുള്ള നടപടികളിലേക്ക് കടക്കും. ഇത് സ്വർണത്തിനാണ് നേട്ടമാവുക. പലിശ കുറഞ്ഞാൽ ബാങ്ക് നിക്ഷേപങ്ങൾ, കടപ്പത്ര ആദായനിരക്ക്, ഡോളറിന്റെ മൂല്യം എന്നിവ ആകർഷകമാകും. നിക്ഷേപകർ സ്വർണത്തിലേക്ക് ചുവടുമാറ്റും. വിലയും കൂടും.
കടുത്ത മൽസരമുള്ള യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന അനിശ്‌ചിതത്വം, പലിശനിരക്ക് കുറയ്‌ക്കാനുള്ള സാധ്യത, യുഎസിലെ തൊഴിലില്ലായ്‌മ വർധന, മധ്യേഷ്യയിലെ സംഘർഷം, ഇന്ത്യയിൽ സ്വർണത്തിന് ലഭിക്കുന്ന വൻ ഡിമാൻഡ് എന്നിവയാണ് വിലവർധനവിന് പ്രധാന കാരണം.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ