തിരുവനന്തപുരം: ഗുണ്ടാസംഘം യുവാവിന്റെ കാല്‍ വെട്ടി. കാഞ്ഞിരംപാറയിലാണ് സംഭവം. കാഞ്ഞിരംപാറ വികെപി നഗര്‍ സ്വദേശി വിഷ്‌ണുദേവിന്റെ (അച്ചുണു 24) വലതു കാലിനാണ് വെട്ടേറ്റത്. തുടരെയുള്ള വെട്ടേറ്റ് കാല്‍മുട്ടിനു താഴെയുള്ള ഭാഗം അറ്റുതൂങ്ങിയ നിലയിലായിരുന്നു.
ശനിയാഴ്‌ച വൈകുന്നേരം കാഞ്ഞിരംപാറ വികെപി നഗര്‍ മൈതാനത്ത് വെച്ചാണ് സംഭവം. വികെപി നഗര്‍ സ്വദേശികളായ അബു, ഭാര്യ സഹോദരന്‍ ബഗന്‍ എന്ന രതീഷ് എന്നിവര്‍ ചേര്‍ന്നാണ് വിഷ്‌ണുദേവിനെ ആക്രമിച്ചതെന്ന് വട്ടിയൂര്‍ക്കാവ് പോലീസ് പറഞ്ഞു.
വൈകുന്നേരം കൂട്ടുകാരോടൊപ്പം കാഞ്ഞിരംപാറയിലെത്തിയ വിഷ്‌ണുദേവ് അബുവിന്റെ മകന്‍ അഭിയെ ആക്രമിക്കാന്‍ ശ്രമിച്ചതായി സ്‌ഥലത്തുണ്ടായിരുന്നവര്‍ പോലീസിനോട് പറഞ്ഞു. ഓടി രക്ഷപ്പെട്ട അഭി വീട്ടിലെത്തി കാര്യം പറയുകയായിരുന്നെന്നും ഇതിനു പിന്നാലെയാണ് അബുവും രതീഷും വെട്ടുകത്തിയുമായി മൈതാനത്ത് എത്തി വിഷ്‌ണുദേവിന്റെ കാലില്‍ വെട്ടിയതെന്നുമാണ് വിവരം.
Most Read: പട്ടാപ്പകല്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ