തിരുവനന്തപുരം: കെഎസ്എഫ്ഇ ശാഖകളിൽ നടന്ന വിജിലൻസ് റെയ്‌ഡ് മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്‌ടാവ് രമൺ ശ്രീവാസ്‌തവയുടെ അറിവോടെയെന്ന് റിപ്പോർട്ട്. ‘ഓപ്പറേഷൻ ബചത്’ എന്ന് പേരിട്ട പരിശോധനയെ പറ്റി നേരത്തെ തന്നെ ശ്രീവാസ്‌തവയെ അറിയിച്ചിരുന്നു. വിജിലൻസ് ഡയറക്‌ടർ അവധിയിലായപ്പോഴാണ് റെയ്‌ഡ് നടത്തിയിരിക്കുന്നത്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് അറിവുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്‌ടാവായി ചുമതല ഏൽക്കുന്നതിന് മുമ്പ് ഒരു സ്വകാര്യ സ്‌ഥാപനത്തിന്റെ സുരക്ഷാ ഉപദേഷ്‌ടാവായിരുന്നു രമൺ ശ്രീവാസ്‌തവ. ഇദ്ദേഹം ഇപ്പോഴും അതേ പദവിയിൽ തുടരുന്നുണ്ടെന്ന് സ്‌ഥാപനത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് വ്യക്തമാണ്.
സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിനിടെയാണ് മുഖ്യമന്ത്രിയും ധനമന്ത്രി തോമസ് ഐസക്കും റെയ്‌ഡ് വിവരം അറിയുന്നത്. തുടർന്ന്, കൂടിയാലോചിച്ച ശേഷം പരിശോധന നിർത്തി വെക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു. വിജിലൻസിന്റെ നടപടി സ്വകാര്യ ധനകാര്യ സ്‌ഥാപനങ്ങളെ സഹായിക്കാനാണെന്നാണ് മന്ത്രി തോമസ് ഐസക്കിന്റെ വാദം. സംഭവത്തിൽ വ്യക്‌തത വരുത്തണമെന്ന് സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ പാർട്ടി ചർച്ചക്ക് ശേഷം മാത്രമേ നിലപാട് അറിയിക്കുകയുള്ളൂ എന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ വ്യക്‌തമാക്കിയിരുന്നു.
Also Read: കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്‌ഡ്; സമാന്തര പരിശോധനക്ക് ധനവകുപ്പ്
രമൺ ശ്രീവാസ്‌തവയെ ചൊല്ലി പാർട്ടിക്കുള്ളിലും അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നിട്ടുണ്ട്. പോലീസ് നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചതിനാലാണ് കടുത്ത എതിർപ്പ് സിപിഎം പരസ്യമാക്കാത്തത്. മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി പോലീസ് നിയമ ഭേദഗതിയുടെ കരട് തയാറാക്കിയതും ശ്രീവാസ്‌തവയുടെ അറിവോടെയാണ്. പോലീസ് നിയമ ഭേദഗതിക്ക് പിന്നാലെ കെഎസ്എഫ്ഇ റെയ്‌ഡും സർക്കാരിന് പഴികേൾപ്പിച്ചിരിക്കുകയാണ്.