തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ സമാന്തര പരിശോധനയുമായി ധനവകുപ്പ്. റെയ്‌ഡ് നടന്ന 36 ശാഖകളിലും എന്താണ് നടന്നതെന്ന് കണ്ടുപിടിക്കാൻ കെഎസ്എഫ്ഐക്ക് ധനവകുപ്പ് നിർദേശം നൽകി. വിജിലൻസ് കണ്ടെത്തലിൽ വസ്‌തുത ഉണ്ടോയെന്നാകും പ്രധാനമായും പരിശോധിക്കുക. തിങ്കളാഴ്‌ച തന്നെ വിവരങ്ങൾ സമാഹരിച്ച് ലഭ്യമാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ, ട്രഷറിയിൽ പണം നിക്ഷേപിക്കാതെ ചിട്ടി രജിസ്‌റ്റർ ചെയ്യൽ, ജീവനക്കാരുടെ ബിനാമി പേരുകളിൽ ചിട്ടി രജിസ്‌റ്റർ ചെയ്യൽ, സ്വർണപ്പണയ ഉരുപ്പടികൾക്ക് സുരക്ഷ ഇല്ലായ്‌മ തുടങ്ങിയ ഗുരുതര കണ്ടെത്തലുകളാണ് വിജിലൻസ് പറയുന്നത്. ഈ കണ്ടെത്തലുകൾ പൂർണമായും തള്ളുകയാണ് ധനകാര്യവകുപ്പ് ചെയ്‌തത്. വിജിലൻസിന്റെ എല്ലാ കണ്ടെത്തലുകളും തള്ളുന്ന റിപ്പോർട്ടാകും കെഎസ്എഫ്ഇ ധനവകുപ്പിന് സമർപ്പിക്കുക.
സ്വന്തം റിപ്പോർട്ടിൽ കണ്ടെത്തുന്ന കാര്യങ്ങളുടെ അടിസ്‌ഥാനത്തിൽ വിജിലൻസിനെ നേരിടാനാകും ധനവകുപ്പ് ശ്രമിക്കുക. റെയ്‌ഡിനെ തുടർന്നുണ്ടായ കണ്ടെത്തലുകളെ കുറിച്ച് വാർത്താക്കുറിപ്പ് ഇറക്കാൻ വിജിലൻസും തയാറായിട്ടില്ല. അന്തിമ റിപ്പോർട്ട് നൽകുമ്പോൾ റിപ്പോർട്ട് പൂർണമായും ഉൾപ്പെടുത്തുമോ എന്ന കാര്യവും അവ്യക്‌തമാണ്. സുതാര്യമായി പ്രവർത്തിക്കുന്ന സ്‌ഥാപനമാണ് കെഎസ്എഫ്ഇ എന്നാണ് വിഷയത്തിൽ ധനവകുപ്പെടുക്കുന്ന നിലപാട്.
Read also: പ്രതിഷേധകർക്ക് സഹായവുമായി എത്തിയ പഞ്ചാബ് സ്വദേശി കാറിന് തീ പിടിച്ച് മരിച്ചു