കാസർഗോഡ്: ജില്ലയിലെ ഉപ്പള സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിനിടെ പ്ളസ് വൺ വിദ്യാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ അടിയന്തിരമായി റിപ്പോർട് സമർപ്പിക്കാൻ കാസർഗോഡ് ജില്ലാ പോലീസ് മേധാവിക്കും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർക്കും മഞ്ചേശ്വരം പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫിസർക്കും കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാർ നിർദ്ദേശം നൽകി.
മാദ്ധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് വിദ്യാർഥിയുടെ മുടിവെട്ടിയത് എന്നാണ് വിവരം. മുടിവെട്ടിന്റെ ദ്യശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് റാഗിങ് വിവരം പുറത്തറിയുന്നത്. സ്‌കൂളിന് എതിർവശത്തുള്ള കഫ്‌റ്റീരിയയിൽ വച്ചാണ് മുടി മുറിച്ചതെന്നാണ് ഇരയായ വിദ്യാർഥി പറയുന്നത്. മുടി മുറിച്ച കുട്ടികൾ തന്നെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടതെന്നാണ് സൂചന.
എന്നാൽ സംഭവത്തിൽ പരാതി കിട്ടിയിട്ടില്ലെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. പരാതി കിട്ടുകയാണെങ്കിൽ നടപടിയെടുക്കാമെന്ന നിലപാടിലാണ് അധ്യാപകർ. തനിക്ക് പരാതിയില്ലെന്ന നിലപാടിലാണ് റാഗിങ്ങിന് ഇരയായ വിദ്യാർഥി. സ്‌കൂളിൽ ഇത്തരം സംഭവങ്ങൾ തുടർക്കഥയാണെന്നും വിദ്യാർഥികളെ ഡാൻസ് കളിപ്പിക്കുകയും, വേഷം കെട്ടിക്കുകയും ചെയ്‌തതായി വിവരമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
Most Read: കനത്ത മഴ തുടരുന്നു; തമിഴ്‌നാട്ടിൽ ചെന്നൈ ഉൾപ്പടെ 16 ജില്ലകളിൽ റെഡ് അലർട്