ചെന്നൈ: കനത്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിലെ മുഴുവൻ തീരദേശ ജില്ലകളിലും റെഡ് അലർട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പടെയുള്ള 16 ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചത്. തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ നാശം വിതച്ച് കനത്ത മഴ തുടരുകയാണ്. ജില്ലകളിലെ വിവിധ മേഖലകൾ പൂർണമായും വെള്ളക്കെട്ടിലാണ്. അടുത്ത 48 മണിക്കൂർ കൂടി മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മഴ ശക്‌തമായ സാഹചര്യത്തിൽ നേരത്തെ 6 ജില്ലകളിലായിരുന്നു റെഡ് അലർട് പ്രഖ്യാപിച്ചത്. പിന്നീട് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തുകയായിരുന്നു. തൂത്തുക്കുടി, തിരുനെൽവേലി, രാമനാഥപുരം, കന്യാകുമാരി, നാപട്ടണം ജില്ലകളിലാണ് നിലവിൽ ശക്‌തമായ മഴ തുടരുന്നത്. തൂത്തുക്കുടിയിൽ റെയിൽവെ സ്‌റ്റേഷൻ ഉൾപ്പടെ വെള്ളത്തിനടിയിലായി. ഇവിടങ്ങളിലെല്ലാം രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
സംസ്‌ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് തൂത്തുക്കുടിയിലെ കായൽപട്ടണത്താണ്. സർക്കാർ ആശുപത്രി ഉൾപ്പടെ നിരവധി സ്‌ഥാപനങ്ങളാണ് ഇവിടെ വെള്ളത്തിനടിയിലായത്. കൂടാതെ ദേശീയ-സംസ്‌ഥാന ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തിൽ നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Read also: സ്‌കൂൾ സമയം വൈകിട്ട് വരെ നീട്ടണം; ആവശ്യവുമായി വിദ്യാഭ്യാസ വകുപ്പ്