എറണാകുളം: തൃക്കാക്കരയിൽ രണ്ടാനച്ഛന്റെ ക്രൂര മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന രണ്ടര വയസുകാരിയുടെ നില ഗുരുതരമായി തന്നെ തുടരുന്നു. നിലവിൽ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന കുട്ടി 72 മണിക്കൂർ നിരീക്ഷണത്തിൽ കഴിയുകയാണ്. കൂടാതെ കുഞ്ഞിനെ ഇന്ന് എംആർഐ സ്‌കാനിംഗിന് വിധേയമാക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കുട്ടിയുടെ ശരീരത്തിലും തലയിലും കാര്യമായ ക്ഷതമേറ്റിട്ടുണ്ട്. കൂടാതെ കുഞ്ഞിന്റെ ചികിൽസ വൈകിപ്പിച്ചതിന് അമ്മക്കെതിരെയും ജുവനൈൽ ജസ്‌റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. അപസ്‌മാരത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ശരീരത്തിലെ മുറിവുകൾ ഡോക്‌ടർമാർ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
എന്നാൽ കുട്ടിയുടെ ശരീരത്തിലെ പരിക്കുകൾ മർദ്ദനത്തിലൂടെ ഉണ്ടായതല്ലെന്നും, തനിയെ അപകടം പറ്റിയതിലൂടെ ഉണ്ടായതാണെന്നുമാണ് അമ്മ പോലീസിനോട് വ്യക്‌തമാക്കിയത്. എന്നാൽ ഇവരോടൊപ്പം താമസിക്കുന്ന കുട്ടിയുടെ ബന്ധു കൂടിയായ ആളാണ് മർദ്ദനത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read also: പൗരത്വ നിയമ ഭേദഗതിയുമായി മുന്നോട്ടെന്ന് ആവർത്തിച്ച് അമിത് ഷാ