ന്യൂഡെൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയതിന്റെ പേരിൽ കേസെടുക്കുന്നതിനെതിരെ ഹരജി നൽകിയ നടിക്കെതിരെ ഡബ്ളുസിസി (വുമൺ ഇൻ സിനിമാ കലക്‌ടീവ്) രംഗത്ത്. നടിയുടെ ഹരജിയിൽ നോട്ടീസ് അയക്കുന്നതിനെ ഡബ്ളുസിസി എതിർത്തു.
പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ച് കഴിഞ്ഞതിനാൽ നടിയുടെ വാദങ്ങൾ അപ്രസക്‌തമാണെന്നാണ് ഡബ്ളുസിസിയുടെ പ്രതികരണം. ഹരജിയിൽ കക്ഷി ചേരാൻ സംഘടന അപേക്ഷ നൽകി. പഠന വിഷയമെന്ന നിലയ്‌ക്ക് മാത്രമാണ് താൻ ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നൽകിയതെന്നും, കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും നടി സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ഭാവിയിൽ അതിക്രമങ്ങൾ ഉണ്ടാകരുതെന്ന താൽപര്യം മുൻനിർത്തിയാണ് ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയത്. മൊഴിയുടെ അടിസ്‌ഥാനത്തിൽ, സംഭവവുമായി ബന്ധമില്ലാത്തവരെ പോലും പ്രത്യേക അന്വേഷണ സംഘം ബുദ്ധിമുട്ടിക്കുന്നു. കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് അറിയിച്ചിട്ടും തുടർനടപടി എടുത്തില്ലെന്നും നടി ഹരജിയിൽ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്‌ത് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹരജി സുപ്രീം കൊടുത്തി ഇന്ന് പരിഗണിക്കുന്നതിനിടെയാണ് നടി കോടതിയെ സമീപിച്ചത്. ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയ ഇരു അതിജീവിതയുടെ ഹരജിയും സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി വരാലെ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
Most Read| ആറുദിവസം കൊണ്ട് 5,750 മീറ്റർ ഉയരം താണ്ടി; കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി