തിരുവനന്തപുരം: വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് (വിഎസ്‌എസ്‌സി) നടന്ന ടെക്‌നീഷ്യൻ B കാറ്റഗറി തസ്‌തികയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയിൽ കോപ്പിയടിച്ച രണ്ടു ഹരിയാന സ്വദേശികൾ അറസ്‌റ്റിൽ. സുനിൽ, സുമിത്ത് എന്നിവരാണ് പിടിയിലായത്. മൊബൈൽ ഫോണിൽ ചോദ്യപേപ്പർ അയച്ചു നൽകിയ ശേഷം ഉദ്യോഗാർഥികൾ ബ്ളൂടൂത്ത് വഴി ഉത്തരങ്ങൾ കേട്ട് പരീക്ഷ എഴുതുകയായിരുന്നു.
മൊബൈൽ ഫോൺ അരയിലെ ബെൽറ്റിൽ കെട്ടിവെച്ച നിലയിലായിരുന്നു. ചെവിയിൽ അകത്തേക്ക് കയറ്റിവെക്കാവുന്ന രീതിയിലായിരുന്നു ബ്ളൂടൂത്ത്. ഹരിയാനയിൽ നിന്നെത്തുന്നവർ കോപ്പിയടിക്കാൻ സാഹചര്യമൊരുക്കിയതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് പരിശോധന നടത്തിയത്. പട്ടം സെന്റ് മേരീസ്, കോട്ടൺഹിൽസ് സ്‌കൂളുകളിലാണ് സംഭവം.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ മെഡിക്കൽ കോളേജ്-മ്യൂസിയം പോലീസ് സംയുക്‌തമായാണ് പ്രതികളെ പിടികൂടിയത്. വയറിൽ ബെൽറ്റ് കെട്ടി ഫോൺ സൂക്ഷിച്ച ശേഷം ചോദ്യപേപ്പറിലെ ചോദ്യങ്ങൾ സ്‌ക്രീൻ വ്യൂവർ വഴി പുറത്തുള്ളയാൾക്ക് ഷെയർ ചെയ്‌തു. ശേഷം ബ്ളൂടൂത്ത് വഴി ഉത്തരങ്ങൾ കേട്ട് എഴുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്‌തമാക്കി. സുമിത്ത് 80ൽ 70 ചോദ്യങ്ങൾക്കും സുനിൽ 30 ചോദ്യങ്ങൾക്കും ഉത്തരമെഴുതി.
Most Read| റഷ്യൻ ബഹിരാകാശ പേടകം; ലൂണ-25 തകർന്നതായി സ്‌ഥിരീകരണം