എറണാകുളം: നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗർ വിൻസന്റ് സമർപ്പിച്ച ഹരജി തള്ളി ഹൈക്കോടതി. പോലീസ് പീഡനം ആരോപിച്ചാണ് സാഗർ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. കേസിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് ഡിവൈഎസ്‍പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നു എന്നാണ് സാഗർ ഹരജിയിൽ വ്യക്‌തമാക്കിയിരുന്നത്. കൂടാതെ തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണം സംഘം നൽകിയ നോട്ടിസിലെ തുടർ നടപടികൾ സ്‌റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഹരജിക്കാരൻ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്‌ഥാനരഹിതമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ബൈജു പൗലോസ് തന്നെ ഉപദ്രവിക്കുമെന്ന് ആശങ്കയുണ്ടെന്നും, തെറ്റായി മൊഴി നൽകാൻ ബൈജു പൗലോസിന്റെ ഭാഗത്തു നിന്നും സമ്മർദമുണ്ടെന്നും ഹരജിയിൽ സാഗർ വ്യക്‌തമാക്കിയിരുന്നു. കാവ്യാ മാധവന്റെ ഉടമസ്‌ഥതയിലുള്ള ലക്ഷ്യയിലെ മുൻ ജീവനക്കാരനാണ് സാഗർ വിൻസന്റ്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതിയായ വിജീഷിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി മാത്രമാണ് നിലവിൽ ജയിലിൽ കഴിയുന്നത്. ബാക്കിയുള്ള എല്ലാ പ്രതികൾക്കും ഇതിനോടകം തന്നെ ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം അനുവദിച്ചു.
Read also: അധ്യാപികയുടെ കളഞ്ഞുപോയ ബാഗ് തിരിച്ചു നൽകി 8 വയസുകാരി മാതൃകയായി