ഹിജാബ് പ്രകടനമല്ല, വിശ്വാസത്തിന്റെ ഭാഗം മാത്രം; ഹൈക്കോടതിയിൽ വാദം തുടരുന്നു

By News Desk, Malabar News
Hijab
Rep.Image
Ajwa Travels

ബെംഗളൂരു: ഹിജാബ് ധരിക്കുന്നത് മതവിശ്വാസത്തിന്റെ ഭാഗം മാത്രമെന്ന് കർണാടക ഹൈക്കോടതിയിൽ ഹരജിക്കാരുടെ അഭിഭാഷകന്റെ വാദം. ഹിജാബ് നിരോധനത്തിനെതിരെ വിവിധ കോളേജുകളിലെ വിദ്യാർഥിനികൾ നൽകിയ ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി.

ഭരണഘടനയുടെ 25ആം അനുച്‌ഛേദം കേന്ദ്രീകരിച്ചായിരുന്നു ഹരജിയിൽ വാദം. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ മതപരമായ സ്വത്വം പ്രദർശിപ്പിക്കുന്നതും സംസ്‌ഥാനത്തെ ന്യൂനപക്ഷങ്ങളുടെ പെരുമാറ്റവും എങ്ങനെയാണ് ഇത്ര വലിയ ചർച്ചയായി മാറിയതെന്ന് അഭിഭാഷകൻ ആരാഞ്ഞു. ആർട്ടിക്കിൾ 25ന്റെ സാരാംശം അത് നിരപരാധികളായ വിശ്വാസികളുടെ ആചാരത്തെ സംരക്ഷിക്കുന്നു എന്നതാണ്, അല്ലാതെ കേവലം മതപരമായ സ്വത്വത്തിന്റെ പ്രദർശനമല്ല,” അഭിഭാഷകൻ ദേവദത്ത് കാമത്ത് കോടതിയിൽ പറഞ്ഞു.

സ്വതന്ത്രമായി മതം സ്വീകരിക്കുന്നതിനും ആചാരങ്ങൾ നടത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള തുല്യ അവകാശമാണ് ആർട്ടിക്കിൾ 25 നൽകുന്നതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ചീഫ് ജസ്‌റ്റിസ് റിതു രാജ് അവസ്‌തി, ജസ്‌റ്റിസുമാരായ ജെഎം ഖാസി, കൃഷ്‌ണ എം ദീക്ഷിത് എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് വിഷയത്തിൽ സമർപ്പിച്ച ഒന്നിലധികം ഹരജികൾ പരിഗണിക്കുന്നത്.

ഹിജാബിനെതിരെ കാവി ഷാൾ ധരിക്കുന്നത് മതപരമായ വ്യക്‌തിത്വത്തിന്റെ പ്രദർശനം മാത്രമല്ല, മറ്റ് ദുരുദ്ദേശങ്ങളും ഇതിന് പിന്നിലുണ്ടെന്ന് കാമത്ത് ചൂണ്ടിക്കാട്ടി. സ്‌കൂൾ യൂണിഫോമിന് അനിയോജ്യമായി ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാണ് നിലവിൽ ഹരജിക്കാരുടെ ആവശ്യം. കേന്ദ്രസർക്കാരിന് കീഴിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളിൽ ഈ രീതി അനുവദിക്കുന്നുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.

മതപരമായ ഒരു വസ്‌ത്രവും ധരിക്കരുതെന്ന് വെള്ളിയാഴ്‌ച ഹരജി പരിഗണിക്കവേ കോടതി വ്യക്‌തമാക്കിയിരുന്നു. വിദ്യാലയങ്ങൾ തുറക്കാൻ കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ ഹൈസ്‌കൂൾ ക്‌ളാസുകൾ പുനരാരംഭിക്കുകയും ചെയ്‌തു. പ്രതിഷേധം തുടരുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വിദ്യാർഥികൾ. ശിവമൊഗ്ഗയിലെ പബ്‌ളിക് സ്‌കൂളിൽ ഹിജാബ് നീക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് 3 ഹൈസ്‌കൂൾ വിദ്യാർഥിനികൾ മോഡൽ പരീക്ഷ എഴുതാതെ മടങ്ങി.

സ്‌കൂളിൽ ഹിജാബ് ധരിച്ചവരെ ക്‌ളാസിൽ കയറ്റാത്തത് ചോദ്യം ചെയ്‌ത് രക്ഷിതാക്കൾ മുദ്രാവാക്യം മുഴക്കിയത് സംഘർഷാവസ്‌ഥ സൃഷ്‌ടിച്ചു. പോലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്. ഇതിനിടെ, ഉഡുപ്പി കാപ്പ് ഫക്കീരനക്കട്ടെ ഗവ. കോംപസിറ്റ് ഉറുദു ഹൈസ്‌കൂളിൽ 8 വിദ്യാർഥിനികളെ യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ അധികൃതർ അനുവദിച്ചു.

ഇതിനിടെ, ഹിജാബ് ധരിക്കാത്തതു കൊണ്ടാണ് ഇന്ത്യയിൽ സ്‌ത്രീപീഡനങ്ങൾ കൂടുന്നതെന്ന വിവാദ പരാമർശത്തിൽ കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ് ഖാൻ മാപ്പു പറഞ്ഞു. സംഘർഷങ്ങളെ തുടർന്ന് അടച്ച കോളേജുകളും ഇന്ന് മുതൽ തുറക്കും.

Also Read: സ്വന്തം മകൻ അലർജി, തൊട്ടാൽ ശരീരം ചൊറിയും; അമ്മക്ക് അപൂർവ രോഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE