ന്യൂഡെൽഹി: ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബി മേധാവി മാധബി പുരി ബുച്ചിനെതിരായ ആരോപണങ്ങൾ വെല്ലുവിളിയുമായി ഹിൻഡൻബർഗ്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് മൊറീഷ്യസിലും ബെർമുഡയിലുമുള്ള രണ്ടു ഫണ്ടുകളിൽ നിക്ഷേപം ഉണ്ടെന്ന് മാധബി പരസ്യമായി സ്‌ഥിരീകരിച്ചെന്നാണ് ഹിൻഡൻബർഗിന്റെ പുതിയ ആരോപണം.
ഇന്ത്യയിലും പുറത്തുമുള്ള മാധബിയുടെ നിക്ഷേപ വിവരങ്ങൾ പുറത്തുവിടുമോ എന്നും ഹിൻഡൻബർഗ് വെല്ലുവിളിച്ചിട്ടുണ്ട്. ആരോപണങ്ങൾ നിഷേധിച്ചും സ്വഭാവഹത്യ നടത്താനാണ് ശ്രമമെന്ന് ചൂണ്ടിക്കാട്ടിയും മാധബിയും ഭർത്താവ് ധാവൽ ബുച്ചും പ്രസ്‌താവന ഇറക്കിയതിന് പിന്നാലെയാണ് ഹിൻഡൻബർഗ് നിലപാട് കടുപ്പിച്ചത്.
”ഗൗതം അദാനിയുടെ മൂത്ത സഹോദരനായ വിനോദ് അദാനിയുടെ പണത്തിനൊപ്പം ബെർമുഡ/മൗറീഷ്യസ് ഫണ്ട് ഘടനയിലെ നിക്ഷേപത്തെപ്പറ്റി പരസ്യമായി സ്‌ഥിരീകരിക്കുന്നതാണ് മാധബി പ്രതികരണം. അദാനി ഡയറക്‌ടർ ആയിരുന്ന തന്റെ ഭർത്താവിന്റെ ബാല്യകാല സുഹൃത്താണ് ഫണ്ട് നടത്തിയതെന്നും അവർ സ്‌ഥിരീകരിച്ചു”- ഹിൻഡൻബർഗ് എക്‌സിൽ പറഞ്ഞു.
സെക്യൂരിറ്റിസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്‌സൻ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും അദാനിയുടെ വിദേശത്തെ കടലാസ് (ഷെൽ കമ്പനി) കമ്പനിയിൽ നിക്ഷേപ പങ്കാളിത്തം ഉണ്ടെന്നായിരുന്നു വിസിൽബ്ളോവർ വഴി ലഭിച്ച രേഖകൾ ചൂണ്ടിക്കാട്ടി ഹിൻഡൻ ബർഗ് ആരോപിച്ചത്.
ഹിൻഡൻ ബർഗിന്റെ ആരോപണങ്ങൾ മാധബി നേരത്തെ നിഷേധിച്ചിരുന്നു. ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണെന്നും ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്‌തകമാണെന്നും മാധബി പുരി ബുച്ച് പ്രസ്‌താവനയിൽ വ്യക്‌തമാക്കിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിരുന്നു. ഹിൻഡൻ ബർഗ് പുറത്തുവിട്ട റിപ്പോർട്ടിലെ ആരോപണങ്ങൾ ശക്‌തമായി നിഷേധിക്കുന്നുവെന്നും അവർ വ്യക്‌തമാക്കിയിരുന്നു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി