മലപ്പുറം: അഞ്ചുവര്‍ഷ ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ക്ചര്‍ ഡിഗ്രി പ്രവേശനത്തിനുള്ള നാഷണല്‍ ആപ്റ്റിട്യൂട് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ) പ്രവേശന പരീക്ഷ എഴുതാനാകാതെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍. ശനിയാഴ്ച ഓണ്‍ലൈനായി നടത്തിയ പരീക്ഷ പലയിടങ്ങളിലും ലൈനിലെ തടസ്സം കാരണം പൂര്‍ത്തികരിക്കാന്‍ സാധിച്ചില്ല.
കേരളത്തില്‍ ‘നാറ്റ’ക്ക് കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നത്. കോവിഡ് സാഹചര്യത്തില്‍ കേന്ദ്രങ്ങളിലെത്താതെ വീട്ടിലിരുന്നും പരീക്ഷയെഴുതാന്‍ സൗകര്യം ചെയ്തിരുന്നു. കേരളത്തില്‍ ഇങ്ങനെ വീടുകളില്‍ പരീക്ഷ എഴുതിയവര്‍ക്കാണ് കൂടുതല്‍ പ്രതിസന്ധി നേരിട്ടത്. രാവിലെ 10 മുതല്‍ 12.15 വരെ ആയിരുന്നു സമയം. ഓണ്‍ലൈന്‍ ബന്ധം നിരന്തരം വിച്ഛേദിക്കപ്പെടുകയായിരുന്നു. 2000 രൂപയാണ് ഓരോ വിദ്യാര്‍ഥിയും ഫീസടച്ചത്.
പല കേന്ദ്രങ്ങളിലും സാങ്കേതിക തടസ്സങ്ങള്‍ നേരിടുകയുണ്ടായി. രാജ്യവ്യാപകമായിത്തന്നെ സെര്‍വര്‍ പ്രശ്‌നങ്ങള്‍ കാരണം പരീക്ഷാ നടത്തിപ്പ് തടസ്സപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികളുടെ വ്യാപകമായ പരാതികള്‍ ‘നാറ്റ’ സെല്ലില്‍ ലഭിച്ചിട്ടുണ്ട്. പരീക്ഷയുടെ ഫലം വ്യാഴാഴ്ച വരും എന്നത് വിദ്യാര്‍ഥികളെ കൂടുതല്‍ ആശയകുഴപ്പത്തില്‍ ആക്കുന്നു. ഒട്ടേറേ വിദ്യാര്‍ഥികള്‍ ടെലിഗ്രാം, ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലും പ്രശ്‌നങ്ങള്‍ വിശദീകരിച്ച് പോസ്റ്റുകളിട്ടിട്ടുണ്ട്.
അവസരം നഷ്ടപ്പെട്ട നിലമ്പൂര്‍ സ്വദേശി പി.എം. ഗൗതം ശങ്കര്‍ ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്കും മാനവവിഭവശേഷി മന്ത്രിക്കും പരാതിനല്‍കി. പരീക്ഷാ ഫലപ്രഖ്യാപനം നീട്ടിവെക്കണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടിട്ടുള്ളത്. വെബ് ക്യാമറ ഓണായിട്ടും സ്‌ക്രീനില്‍ ഒന്നും കാണാനില്ലാത്ത അവസ്ഥയായിരുന്നു. പലതവണ ഡല്‍ഹിയിലെ ഹെല്‍പ്പ് ഡെസ്‌കില്‍ വിളിച്ചതിനു ശേഷമാണ് കിട്ടിയത്. വീണ്ടും അവസരം ലഭിച്ചെങ്കിലും മാറ്റം ഉണ്ടായില്ല- ഗൗതം പറയുന്നു.