നിയമ-ഭരണഘടനാ വിരുദ്ധ നടപടിയുടെ ഇരയാണ് ഞാൻ; സിബിഐക്ക് എതിരെ കാർത്തി ചിദംബരം

By Desk Reporter, Malabar News
I am a victim of illegal and unconstitutional action; Karthi Chidambaram against CBI
Ajwa Travels

ന്യൂഡെൽഹി: പാർലമെന്റേറിയൻ എന്ന നിലയിലുള്ള തന്റെ പദവികളും അവകാശങ്ങളും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (സിബിഐ) ലംഘിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം ലോക്‌സഭാ സ്‌പീക്കർ ഓം ബിർളക്ക് കത്തയച്ചു.

“ഞാൻ തികച്ചും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഒരു നടപടിയുടെ ഇരയായി. എനിക്ക് യാതൊരു പങ്കും ഇല്ലാത്ത, 11 വർഷം പഴക്കമുള്ള ഇന്ത്യാ ഗവൺമെന്റിന്റെ തീരുമാനത്തിൽ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ അന്വേഷണം നടത്തി ഡെൽഹിയിലെ എന്റെ വസതിയിൽ റെയ്‌ഡ്‌ നടത്തി,” അദ്ദേഹം ഓം ബിർളക്ക് അയച്ച കത്തിൽ പറയുന്നു.

“റെയ്‌ഡിൽ, സിബിഐയിലെ ചില ഉദ്യോഗസ്‌ഥർ എന്റെ അതീവ രഹസ്യാത്‌മകവും സെൻസിറ്റീവായതുമായ സ്വകാര്യ കുറിപ്പുകളും ഞാൻ അംഗമായ ഇൻഫർമേഷൻ ആൻഡ് ടെക്നോളജിക്കായുള്ള പാർലമെന്ററി സ്‌റ്റാൻഡിംഗ് കമ്മിറ്റിയുമായി ബന്ധപ്പെട്ട പേപ്പറുകളും പിടിച്ചെടുത്തു,” ചിദംബരം പറഞ്ഞു.

“ഇതിൽ ഞെട്ടിപ്പിക്കുന്ന കാര്യം, കമ്മറ്റിയിലേക്ക് വിളിപ്പിച്ച സാക്ഷികളോട് ഞാൻ ചോദിക്കാൻ ഉദ്ദേശിച്ചിരുന്ന എന്റെ കരട് കുറിപ്പുകളും ചോദ്യങ്ങളും പോലും പിടിച്ചെടുത്തു എന്നതാണ്. കൂടാതെ. സാക്ഷികൾ കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിച്ച മൊഴികളുമായി ബന്ധപ്പെട്ട എന്റെ കൈയ്യക്ഷര കുറിപ്പുകളും പിടിച്ചെടുത്തു,” അദ്ദേഹം കത്തിൽ ആരോപിച്ചു.

ഒരു പാർലമെന്റേറിയൻ എന്ന നിലയിലുള്ള എന്റെ ചുമതലകളിൽ ഇടപെടുന്ന സിബിഐയുടെ ഈ നടപടികൾ, നമ്മുടെ പാർലമെന്റ് സ്‌ഥാപിച്ച ജനാധിപത്യ തത്വങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണത്തിന് തുല്യമാണ്. അതിനാൽ, എന്റെ പാർലമെന്ററി പദവിയുടെ നഗ്‌ന ലംഘനമായ ഈ വിഷയത്തിൽ ഉടനടി ശ്രദ്ധ ചെലുത്തണമെന്നും കോൺഗ്രസ് നേതാവ് കത്തിൽ കൂട്ടിച്ചേർത്തു.

ചൈനീസ് പൗരൻമാർക്ക് അനധികൃതമായി വിസ നല്‍കാന്‍ 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസിലാണ് കാർത്തി ചിദംബരത്തിന് എതിരായ സിബിഐ നടപടി ഉണ്ടായിരിക്കുന്നത്. കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ സിബിഐയുടെ ആരോപണങ്ങൾ കാർത്തി ചിദംബരം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് ചോദ്യം ചെയ്യൽ ഇന്നും തുടരുന്നത്.

താൻ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ല എന്നാണ് കാർത്തി ചിദംബരം സിബിഐയെ അറിയിച്ചത്. ചോദ്യം ചെയ്യലിനോട് ഇദ്ദേഹം സഹകരിക്കുന്നില്ലെന് സിബിഐ വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യം ചെയ്യലിലേക്ക് ഇന്ന് കടക്കും. കാർത്തി ചിദംബരത്തിന്റെ അടുത്ത കൂട്ടാളിയും ചാർട്ടേർഡ് അക്കൗണ്ടന്റുമായ എസ് ഭാസ്‌കർ രാമൻ എന്നയാളെയാണ് സിബിഐ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയാണ് സിബിഐ സംഘം ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്.

Most Read:  കൂളിമാട് പാലം തകർച്ച; നിർമാണം പുനരാരംഭിക്കാനുള്ള നിർദ്ദേശം തള്ളി മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE