ന്യൂഡെല്‍ഹി: ഇന്ത്യ- ചൈന യുദ്ധമുണ്ടായാല്‍ ഇന്ത്യ പരാജയപ്പെടുമെന്ന് ചൈന. ചൈനീസ് സര്‍ക്കാരിന്റെ അധീനതയിലുള്ള ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലില്‍ ആണ് ഇന്ത്യക്കെതിരെയുള്ള പ്രകോപനപരമായ പരാമര്‍ശം. ഷാങ്ഹായ് കോര്പറേഷന് ഓര്ഗനൈസേഷന് യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് വിവാദപരാമര്‍ശവുമായി ചൈന എത്തിയിരിക്കുന്നത്.
ചൈന സൈനിക ശേഷി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഇന്ത്യയെക്കാള്‍ ശക്തമാണെന്നും ഈ വസ്തുത ഇന്ത്യന്‍ പക്ഷത്തെ ഓര്‍മിപ്പിക്കണമെന്നും ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റോറിയല്‍ പറയുന്നു. കൂടാതെ അതിര്‍ത്തിയില്‍ സംഘര്‍ഷം കുറക്കാന്‍ ഇരുകൂട്ടരും ശ്രമിക്കണമെന്നും എഡിറ്റോറിയലില്‍ ആവശ്യപ്പെടുന്നുണ്ട്.
രണ്ട് മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നതിന്റെയും നിയന്ത്രണ രേഖയിലെ പെരുമാറ്റത്തിന്റെയും പേരില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചൈനയെ കുറ്റപ്പെടുത്തിയിരുന്നു. കൂടാതെ അന്താരാഷ്ട്ര അതിര്‍ത്തിയെ മാനിക്കണമെന്നും യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ നിലവിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റാന്‍ ശ്രമിക്കരുതെന്നും ചൈനക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. ചര്‍ച്ചക്ക് തൊട്ട് പിന്നാലെയാണ് പ്രകോപനപരമായ പരാമര്‍ശവുമായി ചൈന വീണ്ടും എത്തിയിരിക്കുന്നത്.