‘എനിക്ക് മതിയായി, എല്ലാം നിർത്തുന്നു’; വിവാദങ്ങളിൽ തളർന്ന് മുനവർ ഫാറൂഖി

By News Desk, Malabar News
Munawar Faruqui_controversy
Ajwa Travels

ബെംഗളൂരു: സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയ്‌ക്ക് എതിരായ ആക്രമണങ്ങൾ തുടരുന്നു. പോലീസിന്റെയും രാഷ്‌ട്രീയ പ്രവർത്തകരുടെയും ഇടപെടലുകൾ മൂലം ഫാറൂഖിയുടെ പരിപാടികൾ തുടർച്ചയായി റദ്ദാക്കപ്പെടുകയാണ്. ഇന്ന് ബെംഗളൂരുവിൽ നടക്കാനിരുന്ന ഫാറൂഖിയുടെ കോമഡി ഷോ പോലീസ് റദ്ദാക്കി. ബെംഗളൂരുവിലെ അശോക് നഗറിൽ ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കാനിരുന്നത്. സംഘാടകർക്ക് അയച്ച കത്തിൽ ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയ പോലീസ് ഷോ റദ്ദ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ മാസം ഗുജറാത്തിൽ നിന്നെത്തിയ ബജ്‌രംഗ്‌ദള്‍ സംഘം ഫാറൂഖിയുടെ മുംബൈയിൽ നടക്കാനിരുന്ന കോമഡി പരിപാടി റദ്ദാക്കിയിരുന്നു. ഫാറൂഖിയുടെ പരിപാടി ഹിന്ദുക്കൾക്ക് എതിരാണെന്നും പരിപാടി നടത്തിയാൽ ഓഡിറ്റോറിയം കത്തിക്കുമെന്നുമായിരുന്നു ബജ്‌രംഗ്‌ദള്‍ ഭീഷണി. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബെംഗളൂരുവിൽ നടക്കാനിരുന്ന പരിപാടിയും റദ്ദാക്കിയിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും, ഹിന്ദു ദൈവങ്ങളെയും അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ജനുവരിയില്‍ മുനവര്‍ ഫാറൂഖിയെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഒരു മാസത്തിന് ശേഷം ഇദ്ദേഹത്തിന് സുപ്രീ കോടതി ജാമ്യവും അനുവദിച്ചിരുന്നു. ജയിൽ മോചിതനായ ശേഷവും വിവാദങ്ങൾ ഫാറൂഖിയെ വിട്ടൊഴിയാത്ത സ്‌ഥിതിയാണ്. ബെംഗളൂരുവിലെ സംഘാടകർക്ക് അയച്ച കത്തിൽ ഫാറൂഖിയെ ‘വിവാദ നായകൻ’ എന്നാണ് അശോക് നഗർ പോലീസ് പരാമർശിച്ചിരിക്കുന്നത്.

‘ദൈവങ്ങളെ കുറിച്ചുള്ള പ്രസ്‌താവനകളിലൂടെ ഫാറൂഖി ഒരു വിവാദ നായകനായിരിക്കുകയാണ്. പല സംസ്‌ഥാനങ്ങളും ഇയാളുടെ ഷോകൾ നിരോധിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ ഫാറൂഖിയ്‌ക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നാണ് വിവരം. മറ്റ് സംസ്‌ഥാനങ്ങളിലും സമാനമായ കേസുകൾ നിലനിൽക്കുന്നുണ്ട്’; പോലീസ് കത്തിൽ പറയുന്നു. നിരവധി സംഘടനകളും മുനവർ ഫാറൂഖിയുടെ പരിപാടികൾക്ക് എതിരാണ്. അതിനാൽ ഈ പരിപാടി നടത്തുന്നത് അരാജകത്വം സൃഷ്‌ടിക്കുകയും പൊതു സമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തുകയും ചെയ്യും. ഇത് ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. അതിനാൽ പരിപാടി റദ്ദാക്കണമെന്നും അശോക് നഗർ പോലീസ് ആവശ്യപ്പെട്ടു.

ബെംഗളൂരുവിലെ ഹിന്ദു ജാഗരൺ സമിതിയിലെ മോഹൻ ഗൗഡ പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയെ തുടർന്നാണ് ഫാറൂഖിയുടെ ബെംഗളൂരു ഷോ റദ്ദാക്കിയതെന്നാണ് വിവരം. ഇൻഡോറിലും മറ്റ് സ്‌ഥലങ്ങളിലും നടത്തിയ ഷോയിൽ മുനവർ ഫാറൂഖി ഹിന്ദുക്കൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഉപയോഗിച്ചു. അദ്ദേഹം മതവികാരം വ്രണപ്പെടുത്തി. ഫാറൂഖിയുടെ ഷോ റദ്ദാക്കിയില്ലെങ്കിൽ തങ്ങൾ പ്രതിഷേധിക്കുമെന്നും മോഹൻ ഗൗഡ അറിയിച്ചിരുന്നു.

 

View this post on Instagram

 

A post shared by Munawar Faruqui (@munawar.faruqui)

അതേസമയം, ഇനി കോമഡി ഷോ ചെയ്യാനില്ലെന്ന സൂചനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫാറൂഖി. സംഘപരിവാർ ഭീഷണിയെ തുടർന്ന് രണ്ടുമാസത്തിനിടെ ഫാറൂഖിയുടെ 12 പരിപാടികളാണ് റദ്ദാക്കിയത്. ബെംഗളൂരുവിലെ ഷോ കൂടി റദ്ദാക്കിയതോടെ ഫാറൂഖിയുടെ മാനസിക സമ്മർദ്ദം ഇരട്ടിയായിരിക്കുകയാണ്. ‘വെറുപ്പ് വിജയിച്ചു, കലാകാരൻ തോറ്റു. ഞാൻ നിർത്തുന്നു, അനീതിയ്‌ക്ക് വിട’; ബെംഗളൂരുവിലെ ഷോ റദ്ദാക്കിയതിന് പിന്നാലെ ഫാറൂഖി ഇൻസ്‌റ്റഗ്രാമിൽ കുറിച്ചു.

പിന്നാലെ, തളരരുതെന്നും ഇനിയും ഷോകൾ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഫാറൂഖിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ചില ആരാധകരും രംഗത്തെത്തി. പിൻമാറാൻ അനുവദിക്കില്ലെന്ന് സംഗീത സംവിധായകൻ മയൂർ ജുമാനിയും ഫാറൂഖിയുടെ പോസ്‌റ്റിന് താഴെ കമന്റ് ചെയ്‌തിരുന്നു.

ബെംഗളൂരുവിലെ ഷോയ്‌ക്കായി ഇതുവരെ 600ഓളം ടിക്കറ്റുകളാണ് വിറ്റഴിച്ചിരുന്നത്. ഈ ഷോയിൽ നിന്ന് കിട്ടുന്ന വരുമാനം അന്തരിച്ച കന്നഡ നടൻ പുനീത് രാജ്‌കുമാറിന്റെ ചാരിറ്റി ഫൗണ്ടേഷനിലേക്ക് സംഭാവന ചെയ്യാനും ഫാറൂഖിയുടെ ടീം തീരുമാനിച്ചിരിക്കുകയായിരുന്നു.

‘ഞാൻ പറഞ്ഞ ഒരു തമാശയുടെ പേരിൽ അവരെന്നെ ജയിലിൽ അടച്ചു. അതിൽ പ്രശ്‌നമില്ല. എന്നാൽ, ഇത് അന്യായമാണ്. മതം നോക്കാതെ ഈ ഷോ ഇഷ്‌ടപ്പെടുന്ന ഒരുപാട് ആളുകൾ ഇന്ത്യയിലുണ്ട്. ഷോ ചെയ്യുന്നതിൽ പ്രശ്‌നമൊന്നുമില്ല എന്ന് വ്യക്‌തമാക്കുന്ന സെൻസർ സർട്ടിഫിക്കറ്റ് ഉൾപ്പടെ ഞങ്ങളുടെ പക്കലുണ്ട്. ഇത് അന്യായമാണ്’; ഫാറൂഖി ഇൻസ്‌റ്റഗ്രാം പോസ്‌റ്റിൽ കൂട്ടിച്ചേർത്തു.

Also Read: ഹിന്ദുക്കൾ ഇല്ലാതെ ഇന്ത്യയില്ല, രണ്ടിനെയും വേർതിരിക്കാൻ കഴിയില്ല; മോഹൻ ഭാഗവത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE