ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്തെ ആരോഗ്യ സേവന ഉന്നത ഉദ്യോഗസ്‌ഥൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇമ്രാൻ ഖാൻ വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയുകയാണെന്ന് അദ്ദേഹത്തിന്റെ സ്‌പെഷ്യൽ അസിസ്‌റ്റന്റ് ഫൈസൽ സുൽത്താൻ പറഞ്ഞു.
68കാരനായ ഇമ്രാൻ ഖാൻ ഈയിടെ പതിവായി യോഗങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നു. രാജ്യ തലസ്‌ഥാനമായ ഇസ്‌ലാമാബാദിൽ നടന്ന സുരക്ഷാ സമ്മേളനത്തിൽ നിരവധി ആളുകൾ പങ്കെടുത്തിരുന്നു. മാസ്‌ക് ധരിക്കാതെയാണ് സമ്മേളത്തിൽ ഇമ്രാൻ ഖാൻ ജനങ്ങളെ അഭിസംബോധന ചെയ്‌തത്. പാവപ്പെട്ടവർക്കായുള്ള ഭവന പദ്ധതി ഉൽഘാടനം ചെയ്യുന്നതിന് മറ്റൊരു സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.
വ്യാഴാഴ്‌ച കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസും ഇമ്രാൻ ഖാൻ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രോഗ ബാധിതനായിരിക്കുന്നത്. അതേസമയം, പാകിസ്‌ഥാനിൽ കോവിഡ് കേസുകൾ വർധിച്ചു വരികയാണ്. ആകെ കോവിഡ് രോഗികളുടെ എണ്ണം 6.15 ലക്ഷം കടന്നു. മരണസംഖ്യ 13,700 ആയി. ജനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പാക് മന്ത്രി ആസാദ് ഉമർ മുന്നറിയിപ്പ് നൽകിയിരുന്നു.
Also Read: മമതയുടേത് വോട്ട് ബാങ്ക് രാഷ്‌ട്രീയം; വികസനത്തിന് ബിജെപി അനിവാര്യം; മോദി ബംഗാളിൽ