ഖരക്‌പൂർ: ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിലെ ജനങ്ങൾ മമതാ ബാനർജിയിൽ വിശ്വാസം അർപ്പിച്ചെങ്കിലും അവർ ജനങ്ങളെ വഞ്ചിച്ചു. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസം സൃഷ്‌ടിക്കുകയാണ് മമതയെന്നും പ്രധാനമന്ത്രി ആരോപിച്ചു.
ഇന്നലെ രാത്രി 50 മിനിറ്റോളം നേരം ഫേസ്ബുക്കും ഇൻസ്‌റ്റഗ്രാമും വാട്‌സാപ്പും അപ്രത്യക്ഷമായപ്പോൾ എല്ലാവരും ആശങ്കപ്പെട്ടു. അതേസമയം, ബംഗാളിൽ വികസനവും വിശ്വാസവും സ്വപ്‌നങ്ങളും ഇല്ലാതായിട്ട് 50 വർഷമായി. ഒരു മാറ്റം കൊണ്ടുവരാനുള്ള ജനങ്ങളുടെ ത്വര ഞാൻ മനസിലാക്കുന്നു. ആളുകളെ അപമാനിക്കുന്നതിനും ഉപദ്രവിക്കുന്നതിനുമുള്ള പരിശീലന കേന്ദ്രമായി തൃണമൂൽ കോൺഗ്രസ് മാറിയിരിക്കുകയാണ്.
ബംഗാളിന്റെ വികസനത്തിന് ബിജെപി നിർണായകമാണ്. മമതാ ബാനർജിയുടേത് വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ്. കോൺഗ്രസും ഇടതുപക്ഷവും ചേർന്ന് വർഷങ്ങളായി ബംഗാളിന്റെ വികസനത്തെ ഇല്ലാതാക്കുകയാണ്. കഴിഞ്ഞ 70 വർഷത്തെ ദുരിതങ്ങൾ ഇല്ലാതാക്കാൻ ബിജെപിക്ക് വെറും അഞ്ച് വർഷങ്ങൾ മാത്രം മതി.
നിങ്ങൾ പലർക്കും അവസരം കൊടുത്തു. അടുത്ത അഞ്ച് വർഷക്കാലം ഞങ്ങൾക്ക് അവസരം നൽകൂ. ബംഗാളിലെ ജനങ്ങൾക്കായി ജീവൻ ത്യജിക്കാനും ഞങ്ങൾ തയാറാണ്- മോദി പറഞ്ഞു.
ഏപ്രിൽ 27 മുതൽ 29 വരെ അഞ്ച് ഘട്ടമായാണ് ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിന് ഫലം പുറത്തുവരും.
Also Read: ‘ശബരിമലയെ കുറിച്ച് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയാത്തത് ഭീരുത്വം’: കുമ്മനം