ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഉണ്ടായ വൻ സംഘർഷത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു. ഉച്ചകഴിഞ്ഞ് ആരംഭിച്ച പ്രതിഷേധത്തിനിടെയാണ് രാഹുൽ ഗാന്ധിയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ബലമായി പിടിച്ചുവലിച്ചു കയറ്റിയത്.
റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെയും കസ്റ്റഡിയിൽ എടുത്തു. മുഖ്യമന്ത്രി വിഡി സതീശൻ അടക്കമുള്ള നേതാക്കളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാഹുൽ ഗാന്ധിയെ ബാരാക്കമ്പ സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെയാണ് വിട്ടയച്ചത്. രാഹുൽ ഗാന്ധിയെ കാണാൻ ബാരാക്കമ്പ പോലീസ് സ്റ്റേഷനിൽ എത്തിയ മുഖ്യമന്ത്രി വിഡി സതീശനെ പോലീസ് തടഞ്ഞു. 15 മിനിറ്റോളം പുറത്തുനിൽക്കേണ്ടി വന്നു.
രാഹുലിനെ കാണാൻ അനുവദിക്കുന്നില്ലെങ്കിൽ തങ്ങളെ അറസ്റ്റ് ചെയ്യണമെന്ന് വിഡി സതീശൻ പോലീസിനോട് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തെയും എംപിമാരെയും സ്റ്റേഷനിലേക്ക് കടത്തിവിടാൻ പോലീസ് തയ്യാറായത്. അതേസമയം, ഇത് ചരിത്ര സമരമെന്ന് വിഡി സതീശൻ പറഞ്ഞു.
ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും പവിത്രമായ തിരഞ്ഞെടുപ്പ് സംവിധാനത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും പ്രതിഷേധത്തെ തടയാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പോലീസ് കസ്റ്റഡിയിൽ വെച്ചാണ് രാഹുലിന്റെ പ്രതികരണം.
ഉച്ചയോടെയാണ് പ്രതിപക്ഷ പാർട്ടികൾ ജന്തർ മന്തറിൽ പ്രതിഷേധം ആരംഭിച്ചത്. സഖ്യത്തിലെ മുഴുവൻ പാർട്ടികളും ഒറ്റക്കെട്ടായാണ് പ്രതിഷേധത്തിന് അണിനിരന്നത്. ഇന്ത്യ സഖ്യത്തിലെ എംപിമാർ ജന്തർ മന്തറിലേക്ക് സഞ്ചരിച്ച ബസ് പോലീസ് തടയുകയായിരുന്നു. ഇതോടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി.
യൂത്ത് കോൺഗ്രസ്, എൻഎസ്യുഐ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് സ്ഥലത്ത് നിന്ന് നീക്കാൻ ശ്രമിച്ചത് വൻ സംഘർഷത്തിനിടയാക്കി. പ്രതിഷേധക്കാർ പോലീസ് വാഹനത്തിന്റെ കാറ്റ് അഴിച്ചുവിട്ടു. ഇതോടെ, രാഹുലും പ്രിയങ്കയും ഉൾപ്പടെയുള്ളവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. ഇതോടെ പ്രവർത്തകരും നേതാക്കളും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെയാണ് ഇവരെ വീണ്ടും കസ്റ്റഡിയിൽ എടുത്തത്.
Most Read| നിറവും രൂപവും ഉൾപ്പടെ വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾ വരുത്താം; ഉത്തരവിറക്കി





































