കാസർഗോഡ്: ജില്ലയിലെ അതിർത്തികളിൽ കർണാടക ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി തുടരുന്നു. തലപ്പാടി, പാണത്തൂർ, സുള്ള്യ, ജാൽസൂർ അതിർത്തികളിലാണ് പരിശോധന ശക്‌തമാക്കിയത്. നിലവിൽ ആർടിപിസിആർ സർട്ടിഫിക്കറ്റ് കൈവശം ഉള്ളവരെ മാത്രമാണ് അതിർത്തിയിൽ കടത്തിവിടുന്നത്. അതേസമയം, മതിയായ സർട്ടിഫിക്കറ്റ് കൈവശമില്ലാത്ത നിരവധി പേരെ രണ്ടു ദിവസങ്ങളിലായി കർണാടക അധികൃതർ മടക്കിയയച്ചു.
അതിർത്തി കടക്കാൻ ചെറിയ കുട്ടികൾക്ക് പോലും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നിയന്ത്രണം വിദ്യാർഥികളെയും, ജോലിക്കാരെയുമാണ് കൂടുതലായി ബാധിക്കുന്നത്. കർണാടക ആരോഗ്യവകുപ്പും പോലീസ് ഉദ്യോഗസ്‌ഥരുമാണ് അതിർത്തിയിൽ പരിശോധനക്കായി ഉള്ളത്. കേരള അതിർത്തിയോട് ചേർന്നുള്ള പാലത്തിന് സമീപമാണ് കർണാടക ബാരിക്കേഡ് വെച്ച് പരിശോധന നടത്തുന്നത്.
എന്നാൽ, കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. അതേസമയം, ജാൽസൂർ ചെർക്കള സംസ്‌ഥാന പാതയിലെ മുഡൂരിൽ കർണാടക പോലീസ് സ്‌ഥാപിച്ച ചെക്ക്പോസ്‌റ്റിലും പരിശോധന ശക്‌തമാക്കിയിട്ടുണ്ട്. 72 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ബസുകളിൽ കയറിയും പരിശോധിക്കുന്നുണ്ട്.
Most Read: എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ല; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം